Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം : യോഗം ആഗസ്റ്റ് രണ്ടിന്

2022-23 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു.

സെമിനാര്‍ സംഘടിപ്പിച്ചു

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന രോഗത്തെപ്പറ്റി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ബോധവത്കരണ സെമിനാര്‍ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രം ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ അടക്കമുള്ള ബയോ സെക്ക്യൂരിറ്റി നടപടി ക്രമങ്ങളെപ്പറ്റി കര്‍ഷകര്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ് ബാബു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കിദാസ് എന്നിവര്‍ ക്ലാസെടുത്തു.

ഗതാഗത നിയന്ത്രണം

ചീക്കനാല്‍- ഊന്നുകല്‍ റോഡില്‍ കലുങ്കിന്റെ പണി നടക്കുന്നതിനാല്‍ ജൂലൈ 25 മുതല്‍ രണ്ടു മാസത്തേക്ക് റോഡില്‍ കൂടിയുളള വാഹന ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ഓമല്ലൂര്‍ ഭാഗത്തുനിന്നും, ഊന്നുകല്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പ്രക്കാനം വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത. ഫോണ്‍: 0471 2726275, 0484 2422275.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ടാലന്റ് ഷോ

സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ എച്ച്ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് രണ്ടിന് നടക്കുന്ന ജില്ലാതല ടാലന്റ് ഷോയില്‍ പങ്കെടുക്കാം.

ഒന്നാം ഘട്ടമായ ജില്ലാതല മത്സരത്തില്‍ ജില്ലയിലെ ഐ.ടി.ഐ, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്നിക്, പ്രൊഫഷണല്‍ കോളേജ് തുടങ്ങിയ എല്ലാതരം കോളേജുകളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കുവാനുളള അവസരം ലഭിക്കും.

മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്: ഏഴു മിനിട്ട് ദൈര്‍ഘ്യത്തില്‍ കുറയാത്ത വ്യക്തിഗത പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് അയക്കണം. ലഹരി ഉപയോഗവും എച്ച്ഐവി അണുബാധയും, എച്ച്ഐവി തടയുന്നതില്‍ സ്വമേധയാ ഉളള രക്തദാനത്തിന്റെ പങ്ക്, എച്ച്ഐവി ബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച്ഐവി ബാധിതര്‍ ഇല്ലാത്ത 2025ലേക്ക് എന്ന സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിലുളള വിഷയങ്ങളിലാകണം കലാപ്രകടനങ്ങള്‍ അവതരിപ്പിക്കേണ്ടത്. പാട്ട്, നൃത്തം, സ്റ്റാന്‍ഡ് അപ് കോമഡി, മോണോ ആക്ട് തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എച്ച്ഐവി അണുബാധ തടയുക എന്നതാവണം കലാപ്രകടനങ്ങളുടെ സന്ദേശം. വിനോദവും, വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള കലാരൂപങ്ങളാകണം അവതരിപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫോണ്‍: 9497 709 645, 9496 109 189.

ജീവന്‍ രക്ഷ പഥക് അവാര്‍ഡ്: വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം

ജീവന്‍ രക്ഷ പഥക് അവാര്‍ഡിനു പരിഗണിക്കുന്നതിനായി നാമനിര്‍ദേശം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ജൂലൈ 30ന് മുന്‍പായി വിവരങ്ങള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷ പഥക് പുരസ്‌കാരങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടുത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സംഭവങ്ങള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം.

ദേശീയ ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ ധീരത അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഐ സി സി ഡബ്ലുവിന്റെ വെബ് സൈറ്റില്‍ (www.iccw.co.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
സാമൂഹ്യ തിന്‍മകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമെതിരെ അപകട സന്ധിയില്‍ സ്വന്തം ജീവന് അപകടവും പരിക്കുകളും പറ്റുമെന്നത് കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരവും സാഹസികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സംഭവം നടക്കുമ്പോള്‍ അപേക്ഷകന്റെ പ്രായം ആറിനും പതിനെട്ട് വയസിനുമിടയിലായിരിക്കണം. സംഭവം നടന്നത് 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബര്‍ 30നും ഇടയ്ക്കായിരിക്കണം.

അവാര്‍ഡിന് അപേക്ഷിക്കുന്ന പ്രവൃത്തി സംബന്ധിച്ച് 250 വാക്കുകളിലുള്ള വിവരണത്തിനും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുമൊപ്പം ഇതു സംബന്ധിച്ച പത്ര- മാഗസിന്‍ വാര്‍ത്തകളോ, എഫ് ഐ ആര്‍ അല്ലെങ്കില്‍ പോലീസ് ഡയറിയോ സഹിതം അപേക്ഷിക്കണം. അപേക്ഷകര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാനധ്യാപകന്‍/ പ്രിന്‍സിപ്പല്‍, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, സംസ്ഥാന ശിശുക്ഷേമ സമിതി പ്രസിഡന്റ്/ജനറല്‍ സെക്രട്ടറി എന്നിവരില്‍ രണ്ടു പേരുടെ ശുപാര്‍ശ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, 4 ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, ന്യൂഡല്‍ഹി 110002 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് പുറമെ ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് ലഭിക്കും. ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ്, 75,000 രൂപ വീതമുള്ള ധ്രുവ്, മാര്‍ക്കണ്ഡേയ, ശ്രവണ്‍, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ബഹുമതികളാണ് നല്‍കുന്നത്. മെഡലും അവാര്‍ഡിനും പുറമെ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള പഠന ചെലവുകളും ലഭിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

റാന്നി ഗവ.ഐ.ടി.ഐയില്‍ 2022ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 30 വരെ https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും, https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. എന്‍.സി.വി.റ്റി ട്രേഡുകള്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ടു വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം) എന്നിവയ്ക്കാണ് പ്രവേശനം. ഫോണ്‍: 0473 5 296 090

അപേക്ഷ ക്ഷണിച്ചു

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848.

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷകളായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2022 ആഗസ്റ്റ് മാസത്തിലും രണ്ടാം സെമസ്റ്റര്‍ പരീക്ഷകളായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) 2022 സെപ്റ്റംബര്‍ മാസത്തിലും നടത്തും. വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ജൂലൈ 26 വരെ പിഴകൂടാതെയും, 27 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ യഥാക്രമം ആഗസ്റ്റ്, സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും.