
konnivartha.com : കോന്നി കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തേക്ക് തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്.
വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്.
പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ അസാധാരണമായ രീതിയിൽ ജലം ഉയർന്നാലും പാലത്തിൽ വെള്ളം കയറില്ല.
18 മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. ആറര കോടി രൂപ ചിലവിൽ തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡിന്റെ നിർമ്മാണം ഉന്നത നിലവാരത്തിൽ പുരോഗമിക്കുകയാണ്.
കരിമാന്തോട്ടിൽ പുതിയ പാലം പൂർത്തിയാകുന്നതോടുകൂടി പ്രദേശത്തെ യാത്ര ദുരിതത്തിന് ശമനം ആവുകയാണ്. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു.