Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചിട്ടുളളതിനാല്‍ കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണവും  വില്‍പ്പനയും നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതും  നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്ന പക്ഷം നിയമപ്രകാരമുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആര്‍ദ്രകേരളം പുരസ്‌കാര വിതരണം ജൂലൈ 14ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ 2020-21 ലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാര വിതരണം ജൂലൈ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് കേരള സര്‍വകലാശാലയുടെ സെനറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പത്തനംതിട്ട ജില്ലയിലെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആനിക്കാട് ഗ്രാമപഞ്ചായത്തിന് ഒന്നാംസ്ഥാനവും, ഏഴംകുളം ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനവും, കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് മൂന്നാംസ്ഥാനവും നേടാനായി.

2012-13 മുതല്‍ മികച്ച തദ്ദേശഭരണ സ്ഥാപനങ്ങളെതിരഞ്ഞെടുത്ത് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കിവരുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റ് മാര്‍ഗരേഖകളും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് കാലാനുസൃതമായി പരിഷ്‌കരിച്ചുവരുകയാണ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി പരിഗണിക്കും.
പരിപാടിയുടെ ഭാഗമായി സെനറ്റ് ഹാളില്‍ ഐഇസി എക്‌സിബിഷനും പുരസ്‌കാര പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ചേരുന്ന ജനപ്രതിനിധികള്‍ക്കായി നഗരത്തിലൂടെ കെ എസ് ആര്‍ ടി സി ഡബിള്‍ ഡെക്കര്‍ പൈതൃക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിര്‍ദേശിക്കാം

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളം പദം നിര്‍ദ്ദേശിക്കാം. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിക്കുന്നു. ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ [email protected] എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.

യുവസാഹിത്യ ക്യാമ്പ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ജൂലൈ 30 ന് മുമ്പ്  ഇ-മെയില്‍ വിലാസത്തിലോ, തപാല്‍ മുഖേനയോ അയയ്ക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയയ്ക്കേണ്ട ഇ-മെയില്‍ വിലാസം: [email protected] , തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍  ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന ജൂലൈ 13 മുതല്‍ ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 27 വയസ്.

കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ സംരംഭകര്‍ക്കുളള പരിശീലനം ജൂലൈ 14 ന്  രാവിലെ 11 ന് ഏനാദിമംഗലം സി.എച്ച്.സി ഹാളില്‍ നടത്തും. കുടുംബശ്രീ സംരംഭകര്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഫോണ്‍ : 04734 246031.

വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ  ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന  കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  വനിതാ അംഗങ്ങള്‍ക്ക്  കുടുംബശ്രീ വഴി രൂപീകൃതമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഗ്രേഡിങ്  ചെയ്തതും, കുറഞ്ഞത് 5 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  വനിതാ അംഗങ്ങള്‍ ഉള്ള  അയല്‍ക്കൂട്ടങ്ങളെയാണ് പരിഗണിക്കുന്നത്. ഓരോ അംഗത്തിന്റെയും വരുമാനപരിധി 300000 രൂപയും പ്രായപരിധി 18 മുതല്‍ 55 വരെ വയസും ആണ്. അപേക്ഷാഫോമും  കൂടുതല്‍ വിവരങ്ങള്‍ക്കും  എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി   ബന്ധപ്പെടണം. ഫോണ്‍ : 9400068503.


തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസ് പന്തളത്തേക്കു മാറി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി താല്കാലിക അടിസ്ഥാനത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഓംബുഡ്സ്മാന്റെ ഓഫീസ്  ജൂലൈ 15 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും  പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനും, പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍, തൊഴില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ എന്നിവ ഓംബുഡ്സ്മാന് നല്‍കാം. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍വച്ച് അദാലത്തുകള്‍ സംഘടിപ്പിക്കും. പരാതികള്‍ ഓബുഡ്സ്മാന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്), പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പിഒ, പന്തളം, 689503 എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാം.

 

യുവ പ്രതിഭാ പുരസ്‌കാരം, യുവജന ക്ലബ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ്മീഡിയ,ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം(പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല.  അതാത് മേഖലകളുമായി  ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. അര്‍ഹരാകുന്നവര്‍ക്ക് 50,000  രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവാ,അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 15 . പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 0468 2231938, 9847545970.

പ്ലാന്‍ സ്പേസ് ട്രെയിനിംഗ് ഈ മാസം 15നും 16നും

സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത, കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ച്  പ്ലാന്‍ സ്പേസ്  2.0 വേര്‍ഷന്‍ നടപ്പില്‍ വരുത്തും.  നിര്‍വഹണ ഘട്ടത്തില്‍ തന്നെ പുരോഗതി വിലയിരുത്താവുന്ന രീതിയിലാണ്  പ്ലാന്‍ സ്പേസ്  2.0 രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലാന്‍ സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും അവരുടെ  കീഴില്‍ വരുന്ന  തദ്ദേശഭരണസ്ഥാപന തല  നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും (പ്ലാന്‍ സ്‌കീമുകളുടെ മാത്രം)  പുതുക്കിയ സോഫ്റ്റ് വെയറിനെ  കുറിച്ചും അപ്ഡേഷന്‍ രീതികളെ കുറിച്ചും ഒരു ഹാന്റ്സ് ഓണ്‍  ട്രെയിനിംഗ് മുസലിയാര്‍ കോളേജ്  ഓഫ് എഞ്ചിനിയറിംഗ്  ആന്റ് ടെക്നോളജി, മലയാലപ്പുഴയില്‍ ജൂലൈ 15,16  തീയതികളില്‍  നടക്കും.   ഫോണ്‍ : 0468 2222725.

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. ഫോണ്‍ : 0468 2362129, 8848680084.

ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍  പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 പെണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള  കോട്ടണ്‍ നൈറ്റ് സ്യൂട്ട്(കോളറും പോക്കറ്റുമുള്ളത്) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 19 ന് വൈകുന്നേരം മൂന്ന് വരെ.  ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.

ക്വട്ടേഷന്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍  പ്രവര്‍ത്തിക്കുന്ന കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 25 ആണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള  നൈറ്റ് ഡ്രസുകള്‍ (പാന്റും ടീഷര്‍ട്ടും) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 19 ന് വൈകുന്നേരം നാലു വരെ.  ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.

error: Content is protected !!