Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി തൊഴില്‍ വകുപ്പ്;ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികള്‍
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലയിലെ തൊഴില്‍ വകുപ്പ് മുന്നേറുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്ന എസ്.സുരാജ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴില്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും:

കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി
കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍ പെട്ട് മരം കയറാന്‍ കഴിയാത്ത വിധം വൈകല്യം സംഭവിച്ച തൊഴിലാളിക്ക് 50,000 രൂപയും, തൊഴിലാളി ഇപ്രകാരം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4,50,000 രൂപയുടെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എട്ടു പേര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു.

കേരള മരംകയറ്റ തൊഴിലാളി അവശത പെന്‍ഷന്‍ പദ്ധതി
കേരള മരംകയറ്റ തൊഴിലാളി അവശത ക്ഷേമപദ്ധതി ധനസഹായം കൈപ്പറ്റിയിട്ടുള്ള അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളി/ തൊഴിലാളിയുടെ ആശ്രിതരായ ഭാര്യ/മാതാവ് എന്നിവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 12,03,400 രൂപയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് നല്‍കി. നിലവില്‍ 35 പേര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ പദ്ധതി
അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം (2000 രൂപ) നല്‍കുന്നതാണ് ഈ പദ്ധതി.

ആവാസ്
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേരളസര്‍ക്കാര്‍ ‘ആവാസ്’ എന്ന പേരില്‍ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2017 മുതല്‍ നടപ്പാക്കി വരുന്നു. 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കുന്നു. ഇതിന് 25,000 രൂപയുടെ ചികിത്സാസഹായവും അപകട മരണം സംഭവിച്ചാല്‍ 2,00,000 രൂപ ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് സഹായവും ലഭ്യമാക്കുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 2,75,000 രൂപ വിനിയോഗിച്ച് 13 മെഡിക്കല്‍ ക്യാമ്പുകളും 27 ബോധവല്‍ക്കരണ ക്ലാസുകളും നടത്തി.

കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള പദ്ധതി പ്രകാരം സംസ്ഥാനത്തിനകത്ത് മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 50,000 രൂപ വരെ തൊഴില്‍ വകുപ്പ് മുഖേന നല്‍കുന്നുണ്ട്. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആറു തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ധനസഹായം നല്‍കി.

തൊഴില്‍ തര്‍ക്കങ്ങള്‍
പത്തനംതിട്ട ജില്ലയില്‍ ഒരു വര്‍ഷ കാലയളവിനുള്ളില്‍ അന്‍പതു തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ബോണസ് സംബന്ധിച്ച് 14 ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഈ ഓഫീസില്‍ പരിഹരിക്കപ്പെടാത്ത തൊഴില്‍ തര്‍ക്കങ്ങള്‍ ഉന്നതതല ഇടപെടലിനായും അഡ്ജുഡിക്കേഷന്‍ നല്‍കുന്നതിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഗാര്‍ഹിക നിര്‍മാണ മേഖലയിലെ കയറ്റിറക്ക് കൂലി, ജില്ലയിലെ മരം മുറിച്ച് ലോഡ് ചെയ്യുന്ന മേഖലയിലെ കൂലി എന്നിവ ഏകീകരിച്ചിട്ടുണ്ട്.

നോക്കുകൂലി നിരോധിത ജില്ല
ചുമട്ടുതൊഴില്‍ മേഖലയില്‍ അമിതകൂലി ആവശ്യപ്പെടുക, ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുക എന്നീ പ്രവണതകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് നോക്കുകൂലി നിരോധിത ജില്ലയായി പത്തനംതിട്ട ജില്ലയെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രാറ്റുവിറ്റി
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു പിരിഞ്ഞുപോന്ന 50 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം സംബന്ധിച്ച കേസുകള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചു. നിലവില്‍ ഉണ്ടായിരുന്ന 40 പരാതികള്‍ തീര്‍പ്പാക്കി.

 

കോവിഡ് കാലത്ത് തൊഴില്‍ വകുപ്പിന്റെ മികച്ച ഇടപെടല്‍
കോവിഡ് -19 ന്റെ വ്യാപനം രണ്ടാം ഘട്ടം ആരംഭിച്ച ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കോവിഡ് വ്യാപനരീതിയെപ്പറ്റിയും മുന്‍കരുതലുകളെക്കുറിച്ചും അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഹിന്ദി ഉള്‍പ്പെടെയുള്ള ഇതര ഭാഷകള്‍ അിറയാവുന്ന രണ്ടു പേരെ നിയോഗിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, കോള്‍ സെന്ററുകള്‍ സജ്ജമാക്കുകയും പരാതികള്‍ പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ എത്തിച്ച് കൊടുക്കുകയും അവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പ് വരുത്തുകയും ചെയ്തു. ഇതോടൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉല്‍പ്പെടെയുള്ള സമഗ്രികള്‍ എത്തിച്ച് നല്‍കുകയും ചെയ്തു. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ സൗകര്യവും വിനോദ ഉപാധികളും സജ്ജമാക്കിയിരുന്നു. അതിഥി തൊഴിലാളികളുടെ മാനസിക, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായി ജില്ലാ തല കോ- ഓര്‍ഡിനേഷന്‍ സമിതി രൂപീകരിക്കുകയും ലോക്ഡൗണ്‍ മൂലം ഉണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സൈക്കോളജിസ്റ്റിന്റെ സേവനം, കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു.

ലോക്ഡൗണ്‍ സമയത്ത് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 16767 ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ റവന്യൂവകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു. അവരില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച 10966 പേരെ മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തി വിവിധ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് സ്വദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. ജില്ലയില്‍ തുടരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു വരുന്നു.

ബാലവേല, അടിമവേല നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി വരുന്നു. ട്രേഡ് യൂണിയന്‍, ഷോപ്പ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്, മോട്ടോര്‍ ട്രന്‍സ്പോര്‍ട്ട് തുടങ്ങിയവയുടെ രജിസ്ട്രേഷന്‍, ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വിവിധ തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടുകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നു.

 

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും നടന്നു. പുന്നക്കാട് മര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പച്ചക്കറി തൈ, വിത്ത്, വളം, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും നടന്നു. വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മസ്റ്ററിംഗ് നടത്തണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ സാങ്കേതിക കാരണങ്ങളാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്തവരും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പുരോഗികളായവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുവാനുള്ള അവസരം ജൂലൈ 11 വരെ നീട്ടി. മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734288621

വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍
വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് വാരാചരണത്തിന്റെ ഭാഗമായി വിള ഇന്‍ഷ്വറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും വിളയിടത്തില്‍ പദ്ധതിയെ കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് നല്‍കുന്നതിനും പദ്ധതി സഹായകരമാണ്. പരമാവധി കര്‍ഷകരിലേക്ക് വിള ഇന്‍ഷ്വറന്‍സ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ കൃഷി ഓഫീസര്‍ എ.ഡി ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് മെമ്പര്‍ സന്തോഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ ആര്‍.എസ് റീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സുരേഷ്, ശ്രീകല, അംബികാദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ സി.ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍.ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമായ എല്ലാ വായ്പകള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. വായ്പ തീര്‍പ്പാക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴപലിശയില്‍ 100 ശതമാനം ഇളവ് അനുവദിക്കും. 2022 ജൂലൈ ഒന്നു മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ ഈ ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2226111, 2272111.

കൃഷിയും കാലാവസ്ഥ വ്യതിയാനവും;ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും

കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീടരോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും.

പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.