Trending Now

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.

 

പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ
(27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ വിനീഷ്(27) എന്നിവരെയാണ് വൈകിട്ട് 6.40 ന് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കൈകാണിച്ചിട്ട് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി  പിടികൂടുകയായിരുന്നു.

നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡാൻസാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർ ഏനാത്ത്, നെല്ലിമൂട്ടിൽപ്പടി റൂട്ടിൽ മണിക്കൂറുകളോളം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ പിടികൂടാൻ
സാധിച്ചത്. വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടയുന്നതിനിടയിൽ സ്കൂട്ടർ മറിഞ്ഞുവീണ് ഡാൻസാഫ് അംഗമായ എസ് ഐ അജി സാമൂവലിന്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തു.
ഏനാത്ത് നിന്നും അടൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവുമായി രണ്ടുപേർ വരുന്നുണ്ടെന്ന രഹസ്യവിവരം, ഡാൻസാഫ് ടീമിനും അടൂർ പോലീസിനും കൈമാറിയതിനെ തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പിയുടെ  നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. അൻസൽ അടൂർ, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണം,സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കഞ്ചാവിന്റെ ഉറവിടവും എത്തിക്കാൻ ഉദ്ദേശിച്ചത് ഇടവും തുടങ്ങിയ വിവരങ്ങൾക്കായി
പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ക്രിമിനൽ പശ്ചാത്തലംലമുള്ള ഒന്നാം പ്രതിയെസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും, ലഹരി വസ്തുക്കൾക്കെതിരായ
പരിശോധന തുടരുമെന്നും, ഇത്തരം ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു.

അടൂർ ഡി വൈ എസ് പി ആർ ബിനു, പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മനീഷ് എം, എസ് സി പി ഓമാരായ സോളമൻ രാജേഷ് ചെറിയാൻ എന്നിവരോടൊപ്പം ഡാൻസാഫ്
ടീമിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജി, സി പി ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.