ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും.
19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും.
konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്.
മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും തീരുമാനമായി.ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ ഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി വാങ്ങും. അതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീയായതായി യോഗം വിലയിരുത്തി.
കൂടുതൽ ഉപകരണങ്ങൾ എത്തുന്നതോടെ ആശുപത്രി പ്രവർത്തനങ്ങൾ ശക്തമാക്കാൻ കഴിയും. കൂടുതൽ ഒപ്പറേഷൻ തീയറ്ററുകൾ ആരംഭിക്കുന്നതോടെ കിടത്തി ചികിത്സ നടത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്നും യോഗം വിലയിരുത്തി.
ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനവും കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. പഞ്ചിംഗ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ പറഞ്ഞു.
ജോലി ക്രമീകരണവ്യവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുള്ള ജീവനക്കാരെ ഉടൻ തിരികെ എത്തിക്കും. ആശുപത്രി വികസന സൊസൈറ്റിയുടെ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരണമെന്നും തീരുമാനിച്ചു.
ആരോഗ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് യോഗം ചേർന്നതെന്ന് എം.എൽ.എ പറഞ്ഞു.പ്രവർത്തന പുരോഗതി വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. എല്ലാ സംവിധാനങ്ങളോടെയുള്ള ആശുപത്രി പ്രവർത്തനം ഉടൻ യാഥാർത്ഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.
യോഗത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യസ ഡയറക്ടർ ഡോ: തോമസ് മാത്യു, പ്രിൻസിപ്പാൾ ഡോ: സെസി ജോബ്, സുപ്രണ്ട് ഡോ: സി.വി.രാജേന്ദ്രൻ.എച്ച്.എൽ.എൽ സീനിയർ പ്രൊജക്ട് മാനേജർ രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.