
konnivartha.com/ പത്തനംതിട്ട: ഗവി ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനും തിരികെ പോകുന്നതിനും സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് നടപ്പാക്കുന്നതിനാവശ്യമായ അനുമതി വനം വകുപ്പ് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.
യാത്രാസൗകര്യമില്ലാതെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യം അടിയന്തിരമായി പരിഹരിക്കണം. ചെറിയ വേതനം മാത്രം ലഭിക്കുന്ന തൊഴിലാളികൾക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിന് കഴിയില്ല. സമയ ക്രമീകരണത്തോടെ കെ.എസ്.ആർ.ടി.സി. ഒരു സർവ്വീസ് നടത്തിയാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും കമ്മീഷൻ വിലയിരുത്തി. ഗവിയിലെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.