Trending Now

കൊക്കാത്തോട് ,ചിറ്റാര്‍, അട്ടത്തോട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്‍റെ ഘടന പരിശോധിച്ചു

 

konnivartha.com : മണ്ണിനെക്കുറിച്ചുളള സൂക്ഷ്മതലത്തിലുളള സമഗ്ര വിവരശേഖരണത്തിനായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതല വിശദ മണ്ണ്പര്യവേക്ഷണം പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.

 

തണ്ണിത്തോട്, സീതത്തോട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലായി 3165 ഹെക്ടര്‍ സ്ഥലത്ത് വിശദ മണ്ണ്പര്യവേക്ഷണം നടത്തിയതായി മണ്ണ് പര്യവേക്ഷണം (സോയില്‍ സര്‍വേ) അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എം.വി ശ്രീകല അറിയിച്ചു. സോയില്‍ മാപ്പുകള്‍ തയാറാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ, കൊടുമണ്‍, അയിരൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട് തയാറാക്കി.

 

ജില്ലയിലെ പഞ്ചായത്തുകളെ ഉരുള്‍ പൊട്ടല്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ വളരെ കൂടുതല്‍, കൂടുതല്‍, മധ്യമം, കുറവ് എന്നീ നാലു വിഭാഗങ്ങളായി തരം തിരിച്ച് ഭൂപടം തയാറാക്കി. ചിറ്റാര്‍ പഞ്ചായത്തിലെയും അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്റെ ഘടന പ്രത്യേകമായി പഠിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കി. അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു.

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 904 കര്‍ഷകര്‍ക്ക് ഓരോ വിളകള്‍ക്കും അനുയോജ്യമായ വളപ്രയോഗ ശുപാര്‍ശകള്‍ അടങ്ങിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. മണ്ണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി 913 മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് മണ്ണ് പരിശോധന നടത്തി.

 

മണ്ണ് പരിശോധന ലബോറട്ടറിയായ സോയില്‍ ആന്‍ഡ് പ്‌ളാന്റ് ഹെല്‍ത്ത് ക്ലിനിക്കില്‍ 582 മണ്ണ് സാമ്പിളിന്റെ 5136 വിവിധ പരിശോധനകള്‍ നടത്തി. മണ്ണ് മൊബൈല്‍ ആപ്ലിക്കേഷന്‍, മണ്ണ് പരിശോധന എന്നിവയില്‍ 11 പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. 12 പഞ്ചായത്തുകളുടെ ഡിജിറ്റലൈസ്ഡ് സോയില്‍ മാപ്പുകള്‍ തയാറാക്കി.

 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം മണ്ഡലകാല തീര്‍ഥാടനത്തിന് മുന്നോടിയായി മണ്ണാറക്കുളഞ്ഞി-പമ്പ പാതയിലെ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചു.

error: Content is protected !!