Trending Now

പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയത് 4480 പരിശോധനകള്‍; 5.62 ലക്ഷം രൂപ പിഴ ചുമത്തി

ഒരുവര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയത്
4480 പരിശോധനകള്‍; 5.62 ലക്ഷം രൂപ പിഴ ചുമത്തി

ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ 4480 പരിശോധനകളില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്ക് ആകെ 5,62,500 രൂപ പിഴ ചുമത്തിയതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ശ്രീകുമാര്‍ അറിയിച്ചു.

ജില്ലയില്‍ 1287 സര്‍വൈലന്‍സ് സാമ്പിള്‍ പരിശോധനയും, 297 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ പരിശോധനയും കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ നടത്തി. 300 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 189 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉപയോഗിച്ച് ജില്ലയില്‍ 113 സാമ്പിളുകള്‍ ശേഖരിച്ചു.

മത്സ്യ വ്യാപാരത്തിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന്‍ മത്സ്യയും, ശര്‍ക്കരയിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന്‍ ജാഗറിയും വിദ്യാലയങ്ങളിലെ പോഷകാഹാരവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ എസ്എന്‍എഫ് പദ്ധതിയും നടപ്പാക്കി വരുന്നു. ഭക്ഷ്യ വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഫോസ്റ്റാക് ട്രെയിനിംഗ്, കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ പരിപാടി, പഞ്ചായത്തുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിന് പഞ്ചായത്ത് മേളകളും സംഘടിപ്പിച്ചു.

ജില്ലയില്‍ അഞ്ച് ഭക്ഷ്യസുരക്ഷാ സര്‍ക്കിളും ജില്ലാ ഓഫീസും പ്രവര്‍ത്തിച്ചു വരുന്നു. ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിനൊപ്പം ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേളകളും ലഘുലേഖ വിതരണവും മോഡല്‍ സര്‍വേയും നടത്തി ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശ്രദ്ധിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം (2006)ലെ വകുപ്പുകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുകയാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.