Trending Now

നാട്ടുപഴങ്ങൾ വിളമ്പി കുട്ടികളെ വരവേറ്റ് പ്രമാടം നേതാജി

 

 

konnivartha.com : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും പൂളിയ മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ച് ഒരു ഹരിത വിദ്യാലയത്തിന്റെ പ്രൗഢിയോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോൽസവം എല്ലാ അർത്ഥത്തിൽ പ്രകൃതി സൗഹൃദപരമായി.

കടലാസു പേനകളും വിത്തുകളും സമ്മാനമായി കിട്ടിയതിന്റെ സന്തോഷം തീരും മുമ്പാണ് നാട്ടുപഴങ്ങളുടെ മധുരം വിളമ്പുന്ന നാട്ടു പഴക്കൂട്ടിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. അധ്യാപകർ അവരുടെ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങൾ സമാഹരിച്ചാണ് വ്യത്യസ്ത നാട്ടു മധുര സദ്യ ഒരുക്കിയത്.  നാട്ടുപാട്ടു സദ്യയും കുട്ടികൾക്കായി അവതരിപ്പിച്ചു.

 


സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു. പ്രമാടം വൈസ് പ്രസിഡന്റ് അമ്യതാ സജയൻ , വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ രാജി സി ബാബു, പഞ്ചായത്തംഗം ലിജാ ശിവ പ്രകാശ്, പിറ്റി എ പ്രസിഡന്റ് ബി.ശ്രീനിവാസൻ , ആർ. ദിലീപ്, ഹെഡ് മിസ്ട്രസ് ശ്രീലത സി, അജൻ പിള്ള എൻ.എസ് എന്നിവർ സംസാരിച്ചു. നാടകക്കാരൻ മനോജ് സുനി, പ്രവീൺ കുമാർ സി , കെ.ബി ലാൽ, അജി ഡാനിയേൽ , ബിജു എസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!