മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴഞ്ഞു വീണായിരുന്നു അന്ത്യം.
കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി ഭാഷകളില്‍ പാടിയ രാജ്യത്തെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളാണ് കെ.കെ. 1990കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ ‘പാല്‍’, ‘യാരോന്‍’ തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു.
വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങൾക്കൊപ്പം ഇൻഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തിയാണ് ഈ പ്രവാസി മലയാളി.
1970 ആഗസ്റ്റ് 23ന് മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി കേരളത്തില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത് വളര്‍ന്നതെല്ലാം ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി മൗണ്ട് സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കെ.കെയുടെ സ്വപ്നം ഡോക്ടറാവുകയെന്നതായിരുന്നു, പിന്നീടത് ആലാപനത്തിലെത്തി. കിരോരി മാല്‍ കോളജ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കി.
തുടക്ക കാലത്ത് 3500-ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ.കെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. 2000 മുതലിങ്ങോട്ടാണ് കെ.കെ പ്രശസ്തിയുടെ കൊടുമുടി കയറുന്നത്. കിഷോര്‍ കുമാറിന്റെയും ആര്‍.ഡി ബര്‍മ്മന്റെയും ശക്തമായ പ്രചോദനം കെ.കെയുടെ ഗാനാലാപനത്തിന് പിന്നിലുണ്ടായിരുന്നു. കോളജ് കാലത്ത് സുഹൃത്തുക്കളുമൊന്നിച്ച് ബാന്‍ഡും ആരംഭിച്ചിരുന്നു.
കോളജ് പഠനം കഴിഞ്ഞ ഉടനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി ജോലി ആരംഭിച്ച കെ.കെ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ജോലി രാജി വെച്ച് സിനിമയില്‍ പാടുക എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞു. മുംബൈയിലേക്ക് വണ്ടി കയറി. 1991ല്‍ പ്രണയിനി ജ്യോതിയുമായുള്ള വിവാഹം കഴിഞ്ഞു. 1994ല്‍ ലൂയീസ് ബാങ്കോ, രഞ്ജിത്ത് ബാറോത്ത്, ശിവ മാതൂര്‍, ലെസ്‌ലി ലൂവിസ് എന്നിവര്‍ക്ക് വേണ്ടി കെ.കെ പാടിയ ഡെമോ ടേപ്പുകള്‍ കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ചു.
1994ല്‍ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കെ.കെയുടെ സംഗീത ജീവിതം ശരിക്കും ആരംഭിക്കുന്നത്. കുഞ്ഞ് ജനിച്ച അതെ ദിവസം കെ.കെ ഒരു പരസ്യചിത്രത്തിന് വേണ്ടി ആലപിച്ചു. 1999ലെ ക്രിക്കറ്റ് ലോകകപ്പില്‍ ജോഷ് ഓഫ് ദ ഇന്ത്യ എന്ന ഗാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കെ.കെ ആലപിച്ചിരുന്നു.
തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്. ബോളിവുഡില്‍ 250ന് മുകളില്‍ സിനിമകള്‍ക്ക് വേണ്ടി പാടി. തമിഴ്, തെലുഗ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി ഭാഷകളിലെ സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി സിനിമകളുടെ ആത്മാവ് തന്നെ കെ.കെയായിരുന്നു.
ആഷിഖ് ബനായാ അപ്നെയിലെ ദില്‍നഷി, ഗാങ്സ്റ്ററിലെ തു ഹി മേരി ശബ് ഹെ, കില്ലറിലെ ഒ സനം, ദ ട്രെയിനിലെ ബീതെ ലംഹെയിന്‍ എല്ലാം ഹിറ്റായിരുന്നു. തു ഹി മേരി ശബ് ഹെ, സൂബഹെ, തൂഹി മേരി ജാന്‍, സോണിയെ തുടങ്ങിയ ഗാനങ്ങള്‍ക്കെല്ലാം രാജ്യം ഒരുമിച്ച് താളമിട്ടതാണ്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. രഹസ്യമായി എന്ന ഗാനം ശില്‍പ്പ റാവുമൊന്നിച്ചാണ് കെ.കെ മലയാളത്തില്‍ ആലപിച്ചത്.