Trending Now

യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

 

യുഎഇയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയില്‍ നിന്നും എത്തിയ 29കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ -രോഗ പ്രതിരോധ മന്ത്രാലയം. സന്ദര്‍ശക വിസയിലെത്തിയതാണ് യുവതിയെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൈദ്യസഹായം നല്‍കി വരികയാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.