Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍;
അപേക്ഷിക്കാനുളള സമയം നീട്ടി

പത്തനംതിട്ട ജില്ലയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള 93/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള വിജ്ഞാപനത്തിലേക്കും അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 18 നിന്നും മെയ് 25 ലേക്ക് നീട്ടി.
ഫോണ്‍: 0468 2222665.

ഡിജിറ്റല്‍ സേവനവുമായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത്

പഞ്ചായത്തിന്റെ ഡിജിറ്റല്‍വത്കരണ നയത്തിന്റെ ഭാഗമായി സമ്പര്‍ക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കു ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വിവിധ സേവനങ്ങള്‍ക്കുള്ള പണം ഇനി അടയ്ക്കാം. ക്യൂ.ആര്‍ കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭിക്കും.  റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തു കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തു പ്രസിഡന്റ്  പി.എസ് മോഹനന്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലടയ്ക്കേണ്ട നികുതികള്‍ ഉള്‍പ്പടെ എല്ലാ പണമിടപാടുകളും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മാരായ  സി എസ് സുകുമാരന്‍, എം എസ് ശ്യാം,  മോഹിനി വിജയന്‍, ഗ്രാമ  പഞ്ചായത്ത് സെക്രട്ടറി ജെ ഗിരീഷ് കുമാര്‍ മറ്റു പഞ്ചായത്ത്  മെമ്പര്‍മാരും, ഉദ്യോഗസ്ഥരും, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വടശ്ശേരിക്കര ശാഖ മാനേജര്‍  അനൂപ് സുകുമാരന്‍. ബാങ്കിന്റെ റീജിയണല്‍ ഓഫീസ് ഉദ്യോഗസ്ഥരായ  സജിത് എസ് പിള്ള,  യു. ആര്‍ രഞ്ജിത്ത്  എന്നിവര്‍ പങ്കെടുത്തു.

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം

റാന്നി പെരുനാട് പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷത്തില്‍ കടപുഴകി വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ തന്നെ മുറിച്ചുമാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റുന്നതും ചെലവാകുന്ന തുക ഉടമകളില്‍ നിന്നും ഈടാക്കുമെന്നും റാന്നി പെരുനാട്  ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം 28 ന്

ജില്ലാ വികസന സമിതി യോഗം മെയ് 28 ന് രാവിലെ 11 ന് ഓണ്‍ ലൈനായി ചേരും


ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലെ ആക്ഷേപം ഇല്ലാത്ത 11 ലൊക്കേഷനുകളിലെ  ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ് (https://pathanamthitta.nic.in), അക്ഷയ വെബ്‌സൈറ്റ്  (www.akshaya.kerala.gov.in )  എന്നിവിടങ്ങളില്‍ പരിശോധിക്കാം.

എസ്.ടി പ്രൊമോട്ടര്‍ കൂടികാഴ്ച 27 ന്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും  സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ  എസ്.ടി പ്രൊമോട്ടറുടെ  ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള കൂടികാഴ്ച മെയ് 27 ന് രാവിലെ 11 ന്  റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍  നടത്തും. സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ  സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധി ഉള്ളതുമായ  പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക്  കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍  – 04735 227703, 9496070349, 9496070336.

ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ പുതിയ ഐ.പി കെട്ടിടത്തിലെ പഴയ സെപ്റ്റിക് ടാങ്കിന്റെ അടിയന്തിര അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് അംഗീകാരമുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. മെയ് 31 ന്  വൈകുന്നേരം നാലിനു മുന്‍പായി ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2602494.

മരങ്ങള്‍ മുറിച്ചു മാറ്റണം  

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്  അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മറിഞ്ഞുവീണ് അപകടം സംഭവിക്കാതിരിക്കാന്‍  ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ചു മാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന്  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇതുമൂലമുളള എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഡി.എം ആക്ട് പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 228498.

ടെന്‍ഡറുകള്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രി ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. അവസാന തീയതി മെയ് 24.

ആര്‍.ടി.എ യോഗം 23 ന്

പത്തനംതിട്ട ആര്‍.ടി.എ യുടെ യോഗം മെയ് 23 ന്  രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു.

സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

അധ്യയന വര്‍ഷാരംഭത്തിലെ കൃത്രിമ വിലകയറ്റം തടയുന്നതിന് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍  എം.ജി പ്രമീള നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.അജയകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍ , അസി. രജിസ്ട്രാര്‍ ഡി. ശ്യാം കുമാര്‍, ആര്യ അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലയില്‍ സഹകരണസംഘങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 23 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ത്രിവേണി നോട്ടു ബുക്കുകള്‍, വിവിധ കമ്പനികളുടെ പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, വാര്‍ട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

പട്ടിക വര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം നല്‍കും. അപേക്ഷകര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസില്‍ താഴെ പ്രായമുളളവരും  ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും ആയിരിക്കണം.  സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുന്‍പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുളള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിക്കണം. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. നിശ്ചിത യോഗ്യതയുളള പരമാവധി 40 പേര്‍ക്ക് പൂര്‍ണമായും മികവിന്റെ അടിസ്ഥാനത്തില്‍  ആദ്യഘട്ടം പ്രവേശനം നല്‍കി ഒരു മാസം ഓറിയന്റേഷന്‍ ക്ലാസുകള്‍ സൗജന്യമായി നല്‍കും. സ്‌ക്രീനിംഗ് ടെസ്റ്റും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 പേര്‍ക്ക് ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് കോച്ചിംഗിന് സൗജന്യമായി പരിശീലനം നല്‍കും. താത്പര്യമുളളവരും യോഗ്യരുമായ പട്ടിക വര്‍ഗക്കാര്‍ നിശ്ചിത പ്രൊഫോര്‍മയിലുളള അപേക്ഷ,ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ , യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും സഹിതം  ജൂണ്‍ ഒന്നിന് വൈകുന്നേരം അഞ്ചിന്  മുമ്പ്  ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍,തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ അയക്കണം.

 

നാറ്റ്പാകില്‍ ഓപ്പണ്‍ ഹൗസ്

ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മെയ് 23 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. നാറ്റ് പാക്കിന്റെ വിവിധ ഗവേഷണ ലാബുകള്‍, സര്‍വേ ഉപകരണങ്ങള്‍, റോഡ് സുരക്ഷാ സാമഗ്രികള്‍ എന്നിവയുടെ പ്രദര്‍ശനവും ഈ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും. കേരള ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികളായ റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, ബയോ ഡയജസ്റ്റര്‍ യൂണിറ്റുകള്‍ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പദ്ധതി നടപ്പിലാകുന്ന മുറയ്ക്ക് ഗുണഭോക്തൃവിഹിതം ഒടുക്കി യൂണിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന്  പത്തനംതിട്ട നഗരസഭ സെക്രട്ടറി അറിയിച്ചു.

അറിയിപ്പ്

വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ റബര്‍ തോട്ടം ഉടമകളും തങ്ങളുടെ തോട്ടത്തിലെ റബര്‍ ചിരട്ടകള്‍ ഉപയോഗശേഷം കമഴ്ത്തി വെക്കണമെന്നും അല്ലാത്തപക്ഷം വാര്‍ഡ് സാനിട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ചിരട്ടകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും  വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, ബയോ ഡയജസ്റ്റർ യൂണിറ്റുകൾ

പത്തനംതിട്ട നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതികളായ റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, ബയോ ഡയജസ്റ്റർ യൂണിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പദ്ധതി നടപ്പിലാകുന്ന മുറയ്ക്ക് ഗുണഭോക്തൃവിഹിതം ഒടുക്കി യൂണിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.