റെവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു
konnivartha.com : കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ
-കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24/7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്.
-ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണ്.
-അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
-മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ താഴ്ന്ന പ്രദേശ്നങ്ങളിലും താമസിക്കുന്നവർ, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.
-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങൾ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.
തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു.
ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, KSEB ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്ര കാലവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള 8 ജില്ലകളിലെ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.
നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കുന്നതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
മുഴുവൻ ജില്ലകളിലും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.
യോഗത്തിൽ ഉയർന്നു വന്ന ചർച്ചകളുടെ ഭാഗമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നിർദേശങ്ങൾ നൽകാൻ തീരുമാനിച്ചു.
1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.
2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.
6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.