konnivartha.com : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ടു നാലിനാണു ചടങ്ങ്. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ സർക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തിയാകും.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്കു വിവിധ കാരണങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനു പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ്.സി, എസ്.ടി. പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങൾ മനസിലാക്കി പരിഹാരത്തിനു സത്വര ഇടപെടൽ നടത്തും.
ഭൂരഹിതരും ഭവനരഹിതരുമായവർക്കു വീടു നിർമിക്കുന്നതിനുള്ള ഭൂമി കണ്ടെത്താൻ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ പരിപാടിയിലൂടെ 1712.56 സെന്റ് സ്ഥലം ഇതുവരെ ലഭിച്ചതായി മന്ത്രി അറിയിച്ചു. 1000 പേർക്കു ഭൂമി നൽകുന്നതിന് 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭിച്ചിട്ടുണ്ട്. ഭവനരഹിതർക്കുള്ള ഭൂമി കണ്ടെത്താൻ നടത്തുന്ന ക്യാംപെയിൻ ശക്തിപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.