
കനത്ത മഴയെയും അവഗണിച്ച് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിനവും സജീവമായി. പതുക്കെ തുടങ്ങിയ ജനത്തിരക്ക് ഉച്ചയോടെ വര്‍ധിക്കുകയായിരുന്നു. വൈകുന്നേരമായതോടെ സ്റ്റാളുകളില്‍ തിരക്ക് ഏറെയായി. പതിവ് മാതൃകകളില്‍നിന്നും വ്യത്യസ്തമായ കാഴ്ചാനുഭവം ഒരുക്കിയ എന്റെ കേരളം പ്രദര്‍ശനം ഇതിനകം ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു.
സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും അഭിമാനവും വിവരിക്കുന്ന എന്റെ കേരളം പവലിയനാണ് കൂടുതല്‍ ശ്രദ്ധേയം. ഭാവികേരളത്തിന്റെ രൂപമാതൃകയും ഇവിടെ വരച്ചുകാട്ടുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്റെ കേരളം തീം പവലിയന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ള സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ തീര്‍ത്തിട്ടുണ്ട്. ഈ സ്റ്റാള്‍ ഇപ്പോള്‍തന്നെ സെല്‍ഫിപോയിന്റായിക്കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടമുള്ള മുഖ്യമന്ത്രിമാര്‍ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്നവരില്‍ യുവതലമുറ മുതല്‍ പ്രായംചെന്നവര്‍വരെയുണ്ട്.
ടൂറിസം മേഖലയില്‍ പത്തനംതിട്ട ജില്ലയുടെ സാമ്പത്തിക – തൊഴില്‍ സാധ്യതകള്‍ വിളിച്ചോതുന്ന ടൂറിസം വകുപ്പിന്റെ പവലിയനിലേക്കാണ് സന്ദര്‍ശകര്‍ ആദ്യമെത്തുന്നത്. ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ഇവിടെ ദര്‍ശിക്കാനാവുക. ഇതോടൊപ്പം കിഫ്ബിയുടെ പവലിയനും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. കിഫ്ബി നടത്തിവരുന്നതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിവരം ഇവിടെ ലഭ്യമാണ്. സ്വന്തം നാട്ടില്‍, സ്വന്തം വീടിനടുത്ത് വരുന്ന പദ്ധതികളെക്കുറിച്ചുള്ള പൂര്‍ണ വിവരവും ലഭിക്കുന്നു.
വെര്‍ച്വല്‍ റിയാലിറ്റിയും ടെക്നോ ഡെമോയും യുവതലമുറയെയാണ് കൂടുതലായി ആകര്‍ഷിക്കുന്നത്. കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമേ കാര്‍ഷിക ഉത്പന്നങ്ങളുടെ ഔട്ട്ഡോര്‍ ഡിസ്പ്ലേയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാളുകളും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. മയിലിന്റെ മുട്ടമുതല്‍ ഒട്ടകപക്ഷിയുടെ മുട്ടവരെ ഇവിടെ ദര്‍ശിക്കാം.
പോലീസ് സ്റ്റാളുകളിലും കൗതുകം ഏറെയുണ്ട്. പോലീസ് ഉപയോഗിക്കുന്ന വിവിധ തോക്കുകളും അവയുടെ ഉപയോഗരീതിയും ഇവിടെ കാണാം. കണ്ണീര്‍വാതക ഷെല്‍ വിക്ഷേപിക്കുന്ന തോക്കു മുതല്‍ അത്യാധുനിക യന്ത്ര തോക്കുകള്‍വരെ ഇവിടെയുണ്ട്. ഇവയുടെ പ്രവര്‍ത്തന രീതികള്‍ ഉദ്യോഗസ്ഥര്‍ തന്നെ വിവരിച്ചുനല്‍കുന്നു.
ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോംബ് നിര്‍വീര്യമാക്കുന്നതിന് ഉപയോഗിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം അത്ഭുതമുളവാക്കുന്നതാണ്.
ജിഎസ്ടി, അക്ഷയ, ബിഎസ്എന്‍എല്‍, വനിതാ-ശിശുവികസന വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. പുതിയ ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരവും ലഭ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമസഹായവും കൗണ്‍സലിംഗും നല്‍കുന്ന സ്റ്റാളിലും കൂടുതല്‍ സന്ദര്‍ശകര്‍ വിവരങ്ങള്‍തേടി എത്തുന്നുണ്ട്. കുടുംബശ്രീയുടെ കരകൗശല വില്‍പന ശാലകളും ഫുഡ് സ്റ്റാളും സജീവമായിക്കഴിഞ്ഞു.
രണ്ടാം ദിനമായ ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശനം നോക്കിക്കണ്ടു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ വേദികളിലും ജനപങ്കാളിത്തം ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് ആഭിമുഖ്യത്തില്‍ ‘തൊട്ടറിയാം പിഡബ്ല്യുഡി: ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്’ സെമിനാറും വിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ‘വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും’ സെമിനാറുമാണ് ഇന്നലെ നടന്നത്. വൈകിട്ട് ആരംഭിച്ച കലാസന്ധ്യയും അനുവാചക ഹൃദയം കീഴടക്കുന്നതായിരുന്നു.
ഹൃദ്യമായി എന്റെ േകരളം തീം പവലിയന്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് തയാറാക്കിയ എന്റെ കേരളം തീം പവലിയന്‍. കേരളത്തിന്റെ ചരിത്രവും കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പവലിയനും കേരളത്തിലെ തനത് കലാരൂപങ്ങളും വിനോദസഞ്ചാര മേഖലകളുടെ ദൃശ്യങ്ങളും തീര്‍ത്ഥാടന ജില്ല എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ തീര്‍ത്ഥാടനം കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാള്‍സെല്‍ഫി പോയിന്റായി മാറിക്കഴിഞ്ഞു.
വളര്‍ച്ചയുടെ പരിണാമ ദിശകള്‍… വിവിധ മേഖലയില്‍ കേരളം കണ്ട ഏറ്റവും വലിയ മാറ്റങ്ങളാണ് ഈ സ്റ്റാളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. ലോകനിലവാരത്തില്‍ എത്തിയ ആരോഗ്യസംരക്ഷണ മാതൃകയുടെ നേട്ടങ്ങളും ഓര്‍മ്മയിലെ ഓല മേഞ്ഞ വീട് മുതല്‍ ആധുനികതയുടെ വീടകങ്ങള്‍ വരെയും കറുപ്പും വെളുപ്പും നിറഞ്ഞ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയ സിനിമാലോകത്തെ കാഴ്ചകളും നിലത്തെഴുത്തു നിന്നും ലാപ്‌ടോപ്പിലേക്ക് നീങ്ങുന്ന നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കുതിപ്പും വിവാഹത്തിന് പുതുവഴികള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളും കടയും കച്ചവട കാലങ്ങളിലൂടെ വന്ന മാറ്റങ്ങളും ജലയാന ചരിത്രത്തിന്റെ കൈവഴികളും മാറിമറിഞ്ഞ മലയാളിയുടെ സംസ്‌കാര ചരിത്രം മുതല്‍ ഒരു ജനത ജനാധിപത്യത്തെ അറിഞ്ഞ നിമിഷങ്ങളുടെ ചരിത്രവും മാറിയ ശീലങ്ങളും വൈവിധ്യമാര്‍ന്ന ആചാരങ്ങളുടെ നേര്‍ കാഴ്ചയ്‌ക്കൊപ്പം ഇപ്പോഴത്തെ വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കുന്ന സേവ് ദി ഡേറ്റ് വരെയുള്ള ഈ കാലത്തെ തലമുറ മാറ്റത്തെ വരെ പ്രതിഫലിച്ചിരുന്നു.
ഒപ്പം ആവി യന്ത്രത്തില്‍ നിന്നും അതിവേഗത്തിലേക്ക് കുതിക്കാന്‍ തയാറാക്കുന്ന കേരളത്തിന്റെ സ്വപ്നസാക്ഷാത്കാര പദ്ധതിയായ കെ റെയില്‍ പദ്ധതിയുടെ ചിത്രങ്ങള്‍ വരെ എത്തി നില്‍ക്കുന്ന മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
മലയാളത്തിനും ഒരു സ്റ്റാള്‍… മലയാള സാഹിത്യ ലോകത്തിന് എന്നും അഭിമാനം ആകുന്ന സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അവരുടെ സൃഷ്ടികളുടെ ചിത്രങ്ങളും ഈ പവലിയനില്‍ ആലേഖനം ചെയ്തിരിക്കുന്നു. പ്രാചീന ആധുനിക കവിത്രയങ്ങളുടെ പേര് വിവരങ്ങളും പുതുതലമുറയിലെ സാഹിത്യകാരന്മാരുടെ കഥാ സൃഷ്ടികളുടെയും സാഹിത്യ ലോകത്തിനു സമ്മാനിച്ച സൃഷ്ടികളുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
മലയാളത്തിലെ മുന്‍നിര എഴുത്തുകാരില്‍ ഏറ്റവും പ്രമുഖനായ എം ടി വാസുദേവന്‍ നായര്‍ വിവരിച്ച വര്‍ണ്ണനകളും മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ എന്ന പോസ്റ്ററില്‍ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധ്യാത്മരാമായണം കിളിപ്പാട്ട് എന്ന കൃതിയിലൂടെ മലയാളത്തിലെ സാഹിത്യ പരമ്പരക്ക് തുടക്കം കുറിച്ചത് മുതല്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം സാമൂഹ്യ വിമര്‍ശന നാടകങ്ങളുടെ പട്ടികയില്‍ പെടുന്നവരെയുള്ള കുറിപ്പുകള്‍ ഇവിടെ വായിക്കാം.
എന്റെ കേരളം പവലിയനില്‍ സ്ത്രീശാക്തീകരണം, ലിംഗനീതി, പാര്‍പ്പിടം, വയോജന സംരക്ഷണം, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും.
കിഫ്ബി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേരള പുനര്‍നിര്‍മ്മാണം, ഹരിത കേരളം ഇവയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായകരമാകുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാന തടസം പണമായിരുന്നു.
അതിന് പരിഹാരമായാണ് കിഫ്ബിക്ക് രൂപം നല്‍കിയത്. സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചത്. ഈ മിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെക്‌നോളജി സംരംഭകത്വത്തിന്റ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യമായ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി നയ രൂപീകരണമാണ് സാധ്യമാക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമായിരുന്നു രണ്ടു പ്രളയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍. അവയെ അതിജീവിക്കുന്നതിന് സംസ്ഥാനം കാട്ടിയ ഒരുമയും കരുത്തും ലോകപ്രശസ്തി പിടിച്ചു പറ്റി. ഈ പ്രതിസന്ധിയെ മറികടന്ന് സമസ്തമേഖലകളെയും പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പുനര്‍നിര്‍മ്മാണം എന്ന ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്.
സര്‍ക്കാരിന് ഏറ്റവും വലിയ ലക്ഷ്യമാണ് ഹരിതകേരളം പദ്ധതി. പ്രകൃതിയെ മുന്‍നിര്‍ത്തിയുള്ള വികസന മാതൃകയാണ് ഹരിത കേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണം, മണ്ണ്-ജല സംരക്ഷണം, ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനമെന്ന മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരള മിഷന്‍. സംരംഭക സൗഹൃദ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ആണ്.
മികവ് ആരോഗ്യരംഗത്തും… ആരോഗ്യത്തെക്കുറിച്ച് നീതിആയോഗ് നടത്തി വിലയിരുത്തല്‍ കേരളം തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥലത്ത് എത്തിയിരുന്നു വികസിത രാജ്യങ്ങള്‍ പോലും അമ്പരിപ്പിക്കുന്ന രീതിയിലാണ് ആരോഗ്യരംഗത്ത് കേരളത്തിലെ വളര്‍ച്ച ഇതിനായി സര്‍ക്കാരിന്റെ ഇടപെടലും പിന്തുണയും കൂടുതല്‍ പ്രേരകശക്തികളായി കരുത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. ഈ ലോകം തന്നെ ഭയന്നുവിറച്ച് കോവിഡ് മഹാമാരിയില്‍ പല വികസിത രാജ്യങ്ങളും പകച്ചു പോയപ്പോള്‍ മികച്ച സേവനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഒരുക്കി സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് തുണയായി മാറുകയായിരുന്നു കേരളത്തിലെ ആരോഗ്യരംഗം.
വികസിതരാജ്യങ്ങളില്‍ മരണനിരക്ക് കൂടിയപ്പോള്‍ കേരളത്തില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തി. കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാനസിക സാമൂഹ്യ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതും ഇതില്‍ വിവരിക്കുന്നു.
തൊഴിലന്വേഷകരുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും ആഗോളതലത്തിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായിസംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ എക്‌സലന്‍സ് വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന പവലിയനില്‍ സാമൂഹിക പുരോഗതിയുടെ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നില്‍ നെടുനാളത്തെ പോരാട്ടങ്ങളുടെ സമ്പന്നമായ ചരിത്രം ഉണ്ടെന്നും സാമുദായിക പരിഷ്‌കരണങ്ങളും മാറ്റത്തിന്റെ തിരയടി ഓരോ സമുദായത്തിനുള്ളില്‍ നിന്നുതന്നെ ഉണ്ടാവണമെന്ന് അവബോധവുമാണ് കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായത് എന്ന് പറയുന്നു. കേരളത്തില്‍ നടന്ന പ്രമുഖ സമരങ്ങളുടെ ദൃശ്യ വിരുന്നും ഒരുക്കിയിട്ടുണ്ട്.
മുട്ടകളുടെ വൈവിധ്യവുമായി മൃഗസംരക്ഷണ വകുപ്പ്
വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. ഒട്ടകപക്ഷി മുതല്‍ കാട വരെയുള്ള പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനം കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. ഇന്‍ക്യുബേറ്ററിന്റെ പ്രവര്‍ത്തനവും നേരിട്ട് മനസിലാക്കാനാവും. പ്രധാന പവലിയന് അകത്ത് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്യുന്നുണ്ട്.
പ്രധാന പവലിയനു പുറത്തായി ഒരുക്കിയിരിക്കുന്ന കൃത്രിമ തടാകമാണ് മേളയിലെ മറ്റൊരാകര്‍ഷണം. തടാകത്തില്‍ വിവിധ ഇനത്തിലുള്ള താറാവുകളുടെ പ്രദര്‍ശനമാണുള്ളത്. വിഗോവ സൂപ്പര്‍ എം, ചാര, ചെമ്പല്ലി, സ്‌നോ വൈറ്റ് എന്നീ ഇനങ്ങളിലുള്ള താറാവുകളുടെ വിപണനവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറില്‍ നിന്നുള്ള താറാവ് കുഞ്ഞുങ്ങളെ ആണ് വില്‍പനക്ക് എത്തിച്ചിട്ടുള്ളത്. സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുളള ഇലക്ട്രിക് ബ്രുഡര്‍ വഴി ചൂട് താറാവ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 20 രൂപ മുതല്‍ 45 രൂപ വരെ ആണ് ഇവയുടെ വില.
ഇന്നലെ പ്രദര്‍ശന നഗരി സന്ദര്‍ശിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സന്നിഹിതയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അജിലാസ്റ്റ് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അല്‍ഭുത കാഴ്ചകള്‍ ഒരുക്കി കിഫ്ബി സ്റ്റാള്‍
എന്നെ ഒന്ന് പിടിച്ചേ.ഞാന്‍ ഇപ്പൊ താഴെ വീഴും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വാക്കുകള്‍ കേട്ട് നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടര്‍ത്തി. വി ആര്‍ ഗ്ലാസ്സിലൂടെ കാഴ്ചകള്‍ കണ്ടപ്പോഴയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഈ പ്രതികരണം.
വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അല്‍ഭുത കാഴ്ചകള്‍ ആണ് എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കിഫ്ബി സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളില്‍ പ്രത്യേകം സജ്ജീകരിചിരിക്കുന്ന വി ആര്‍ ഗ്ലാസിലൂടെ ആണ് കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്. കിഫ്ബിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിക്കൂറില്‍ പണി കഴിപ്പിക്കാന്‍ പോകുന്ന 316 ഏക്കര്‍ വരുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിര്‍ച്ചല്‍ കാഴ്ചകളുടെ നവ്യാനുഭവം ആണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.
താമര കുളത്തില്‍ നില്‍ക്കുന്നതായും കെട്ടിടത്തിന്റെ വിവിധ വശങ്ങളില്‍ നിന്നുള്ള കാഴ്ചകളും ഇതിലൂടെ കാണാന്‍ സാധിക്കും. വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഈ കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞ നേരമില്ല. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം എസ് ദീപക് , എസ്. അക്ഷയ് എന്നിവരാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്.
വീട്ടിനടുത്തെ വികസനമറിയാം കിഫ്ബി പവലിയനില്‍
നവകേരള സൃഷ്ടിയുടെ ഭാഗമായി നിങ്ങളുടെ വീട്ടിനടുത്ത് നടക്കുന്ന കിഫ്ബി പദ്ധതിയെ പറ്റിയറിയാന്‍ കിഫ്ബി പവലിയന്‍ സൗകര്യമൊരുക്കുന്നു. ഏതൊക്കെ പദ്ധതികളാണ് നിങ്ങളുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതെന്നും അവയുടെ പുരോഗതി എന്തെന്നും ഈ പവലിയനിലൂടെ മനസിലാക്കാന്‍ സാധിക്കും. പദ്ധതികൊണ്ട് നാടിനുണ്ടാകുന്ന മാറ്റവും ഇതിനായി വരുന്ന ചെലവ് സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭ്യം.
ഇതോടൊപ്പം വികസന പദ്ധതികള്‍ സംബന്ധിച്ച വീഡിയോയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാടിനുണ്ടാകുന്ന മാറ്റങ്ങള്‍ വിളിച്ചോതുന്നതാണ് ഈ വീഡിയോ.
ഗസല്‍ സന്ധ്യയും ഇന്ത്യന്‍ ഗ്രാമോത്സവും (13/05/2022 )
ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കലാവേദിയെ ഗസല്‍ സന്ധ്യയും ഇന്ത്യന്‍ ഗ്രാമോത്സവും സമ്പുഷ്ഠമാക്കും. വൈകിട്ട് അഞ്ചിനാണ് അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗസല്‍ സന്ധ്യ ആരംഭിക്കുന്നത്. ഇന്ത്യന്‍ ഗ്രാമോത്സവത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തനത് നൃത്തരൂപങ്ങളാണ് വേദിയിലെത്തുന്നത്. ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ഈ നൃത്തപരിപാടി ആസ്വാദകര്‍ക്ക് തികച്ചും നവീനമായ അനുഭവം പ്രദാനം ചെയ്യും.
(13/05/2022 ) മുതല്‍ ഡോഗ് ഷോയും
എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ (13/05/2022 ) മുതല്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഡോഗ് ഷോയും അരങ്ങേറും. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഡോഗ് ഷോ നടക്കുന്നത്. കുറ്റാന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സഹായകമായി മാറിയവരെ പരിചയപ്പെടുക മാത്രമല്ല, ഇവരുട അഭ്യാസങ്ങളും നേരില്‍ക്കാണാനാവും. ഇന്ന് വൈകിട്ട് 6.30 നാണ് ഡോഗ് ഷോ ആരംഭിക്കുന്നത്.
പാടം, ഞാര്‍, കര്‍ഷകന്‍…
വ്യത്യസ്തമായി കൃഷിവകുപ്പ്
കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സെല്‍ഫി പോയന്റില്‍ സെല്‍ഫി എടുക്കുവാന്‍ വന്‍തിരക്ക്. കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ കൊമേഴ്‌സ്യല്‍ സ്റ്റാളില്‍ ക്രമീകരിച്ചിരിക്കുന്ന സെല്‍ഫി പോയന്റിലാണ് കാഴ്ചക്കാരുടെ വന്‍ തിരക്ക്. നെല്‍പ്പാടത്തിന്റെ മാതൃകയാണ് വകുപ്പ് സെല്‍ഫി പോയന്റിനായി ഒരുക്കിയിരിക്കുന്നത്.
പടത്തിനു സമീപത്തിലൂടെ വള്ളം തുഴഞ്ഞു പോകുന്ന കര്‍ഷകനേയും, ഞാറുനടുന്ന കര്‍ഷകനേയും സെല്‍ഫി പോയന്റില്‍ കാണാം. സെല്‍ഫി പോയന്റിനോളം തന്നെ ഫോട്ടോ എടുക്കാന്‍ തിരക്കുണ്ട് വകുപ്പിന്റെ തീം സ്റ്റാളിലും. നാനൂറോളം കൈതച്ചക്കകള്‍ കൊണ്ടുള്ള പൈനാപ്പാള്‍ പിരമിഡും കൂടെയുള്ള മുളകു കൊണ്ടുള്ള കോഴിയും (ചില്ലി ചിക്കന്‍) മുന്‍പില്‍ ചിത്രമെടുക്കാന്‍ തിരക്കാണ്.
തീം സ്റ്റാളില്‍ ഫെലികോണിയ, കാര്‍ഷിക വിത്തുകള്‍, തൈകള്‍, കര്‍ഷകരുടെ സംശയ ദൂരീകരണത്തിനുള്ള സ്മാര്‍ട്ട് കൃഷിഭവന്‍, ലഘുലേഖകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൊമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ ജില്ലയിലെ പന്തളം, അടൂര്‍, പുല്ലാട് ഫാമുകള്‍ പ്ലാവ്, തെങ്ങ്, മുളക്, റമ്പൂട്ടാന്‍, മാതളം, വഴുതന, ഓമ, ചാമ്പ തുടങ്ങിയവയുടെ തൈകളും, നടന്‍ പച്ചക്കറിവിത്തുകള്‍, വളങ്ങളും വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണുപരിശോധിച്ച് മണ്ണിന്റെ പ്രധാന മൂലകങ്ങള്‍ പരിശോധിച്ച് വളപ്രയോഗത്തിന് ശുപാര്‍ശ നല്‍കുന്ന സഞ്ചരിക്കുന്ന മണ്ണുപരിശോധന ലബോറട്ടറിയും മേളയില്‍ സജീകരിച്ചിട്ടുണ്ട്. ഞങ്ങളും കൃഷിയിലേക്ക് എന്ന ‘ചില്ലു’ തീമിലാണ് സ്റ്റാളിന്റെ നിര്‍മ്മാണം.
വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ സ്വായത്തമാക്കുന്നതാണ്
പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റം : അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ
വിദ്യാഭ്യാസം അനുഭവങ്ങളിലൂടെ കുട്ടികള്‍ സ്വായത്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസത്തിലുണ്ടായ മാറ്റമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജില്ലാതല വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവുമെന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. പഠനത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തി അനുഭവങ്ങളിലൂടെയുള്ള പഠനം അംഗന്‍വാടി മുതല്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വാക്കുകള്‍ കുട്ടിയുടെ ആകാംക്ഷയില്‍ നിന്ന് ഉണ്ടാകണം. സ്‌കൂള്‍ തലം മുതല്‍ കുട്ടികളുടെ കഴിവും ഗവേഷണ അഭിരുചിയും കണ്ടെത്താന്‍ കഴിയണം. ഗവേഷണത്തിലൂടെയാണ് ആശയങ്ങള്‍ രൂപപ്പെടുന്നതെന്നും വൈജ്ഞാനിക സമൂഹം രൂപപ്പെടുന്നതിലൂടെ സാംസ്‌കാരിക മാറ്റവും ഉണ്ടാകുന്നതെന്നും എം.എല്‍.എ പറഞ്ഞു. വിജ്ഞാനത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തുന്നതാകണം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആര്‍.കെ ജയപ്രകാശ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ ബിന്ദു, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ്. വള്ളിക്കോട്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായി
വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍ വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവുമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായി. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ആര്‍.കെ ജയപ്രകാശന്‍ ക്ലാസ് നയിച്ചു. പ്രാദേശിക തലത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പാഠ്യപദ്ധതിയില്‍ പരിഷ്‌ക്കരണം ഉണ്ടാകണമെന്നും വിദ്യാഭ്യാസരംഗത്തെ നിലവിലെ നേട്ടങ്ങളെ നിലനിര്‍ത്തി ചുറ്റുപാടിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതുസമൂഹത്തിന് വിശ്വാസയോഗ്യമായ പാഠ്യപദ്ധതി അവതരിപ്പിക്കുകയന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുപാടുമുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളും അധ്യാപകരേക്കാള്‍ മുന്നേ സഞ്ചരിക്കുന്ന തലമുറയായതിനാല്‍ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അധ്യാപകരുടെ കടമ വ്യാഖനിക്കണം. അറിവിന്റെ നിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. അതിനായി നോളജ് സൊസൈറ്റിക്ക് രൂപം നല്‍കാന്‍ സാധിക്കണം. അധ്യാപകരുടെ വൈദഗ്ദ്ധ്യം കുട്ടികളെ അറിവ് നിര്‍മ്മിക്കുന്നവരാകണം എന്നും ഡയറക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ ബിന്ദു മോഡറേറ്ററും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ്. വള്ളിക്കോട്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ – ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി.തോമസ് പ്രതികരണങ്ങള്‍ അറിയിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പിഡബ്ല്യുഡിയെ തൊട്ടറിഞ്ഞ് ജനങ്ങള്‍,
പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ വന്‍വിജയം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍ തൊട്ടറിയാം പിഡബ്ല്യുഡി- ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. നിറഞ്ഞ് കവിഞ്ഞ സദസില്‍ വിഷയത്തെ കുറിച്ച് അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.ബിനു , തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത രീതിയിലാണ് സംസ്ഥാനത്ത് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്നും പിഡബ്ലു ഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊട്ടറിയാം പിഡബ്ല്യുഡി എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത അടൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.ബിനു പറഞ്ഞു.
സുതാര്യമായ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ പൊതുമരാമത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന വിഷയത്തില്‍ ക്ലാസെടുത്ത തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. നൂതന സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചോ ടേള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാനുള്ള സൗകര്യമുണ്ട്. നിര്‍മ്മാണം കഴിഞ്ഞ റോഡുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വെട്ടിപൊളിക്കാന്‍ ഒരു വര്‍ഷത്തിനു ശേഷമേ സാധിക്കു എന്നും ജില്ലാതലത്തിലും പ്രാദേശികതലത്തിലും ജല അതോറിറ്റിയും പൊതുമരാമത്തും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം സുതാര്യവും ഗുണമേന്മയുള്ള റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും തീരുമാനിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി ആധുനിക സംവിധാനം ഉപയോഗിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നല്‍കുന്ന നൂതന സംവിധാനങ്ങളെക്കുറിച്ചും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കുന്നതിനും ഏപ്രില്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പദ്ധതിയാണ് തൊട്ടറിയാം പി ഡബ്ലു ഡി. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ സേവനത്തിലുടെ പൊതുജനങ്ങള്‍ക്ക് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിരിക്കുന്നതിനനുസരിച്ച് അറിയാന്‍ സാധിക്കും. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതി സര്‍ക്കാരിനെ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് പിഡബ്ല്യുഡി ഫോര്‍ യൂ.
നിലവില്‍ നിര്‍മ്മാണം നടക്കുന്ന റോഡുകളെ സംബന്ധിച്ചും മുന്‍പ് പരാതികള്‍ ഉണ്ടെങ്കില്‍ അറിയാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. പ്രാദേശിക ഭാഷ സേവനവും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
പൊതുമരാമത്ത് മന്ത്രിയോട് നേരിട്ട് പരാതി അറിയിക്കാനുള്ള റിങ് റോഡ് സംവിധാനത്തിലൂടെ കൃത്യമായ ഇടവേളകളില്‍ പരാതി കേള്‍ക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ പരാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്കില്‍ വരുന്ന കമന്റുകളിലും പരാതി സ്വീകരിച്ച് നടപടി എടുക്കുന്നുണ്ടെന്നും ക്ലാസ് കൈകാര്യം ചെയ്ത് സംസാരിച്ച തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മോളമ്മ തോമസ് പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.വിനു അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെട്ടിട വിഭാഗം ഷീന രാജനും സെമിനാറില്‍ പങ്കെടുത്തു.
പ്രദര്‍ശനനഗരിയെ ഭക്തിസാന്ദ്രമാക്കി പടയണിയും വേലകളിയും
പ്രദര്‍ശനനഗരിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച ജില്ലയുടെ തനത് കലാരൂപങ്ങളായ പടയണിയും വേലകളിയും ജനങ്ങളുടെ ഹൃദയത്തെ ഭക്തിസാന്ദ്രമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പടയണിയും വേലകളിയും വേദിയില്‍ അവതരിപ്പിച്ചത്.
കടമ്മനിട്ട ഗോത്രകലാകളരിയുടെ ആഭിമുഖ്യത്തില്‍ പി ടി പ്രസന്നകുമാറും സംഘവുമാണ് പടയണി വേദിയിലെത്തിച്ചത്. കാലന്‍കോലം ഉറഞ്ഞ് തുള്ളിയപ്പോള്‍ കണ്ടിരുന്ന ജനങ്ങളുടെ മനസ് ഭക്തി നിര്‍ഭരമായി. വെണ്‍മണി ശാര്‍ങക്കാവ് ഭുവനേശ്വരി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വേലകളി അവതരിപ്പിച്ചത്. ക്ഷേത്രസംസ്‌കാരവും ആയോധന സംസ്‌കാരവും ഇഴുകിചേര്‍ന്ന വേലകളിയില്‍ ചരിത്രവും ഐതീഹ്യവും ഒരുമിച്ചായിരുന്നു അവതരിപ്പിച്ചത്.
വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആസ്വാദകഹൃദയങ്ങളെ ആനന്ദത്തിലാറാടിച്ചു. കാഴ്ച്ച പരിമിതിയും, കേള്‍വിക്കുറവുമുള്ള നാരങ്ങാനം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ദേവനാരായണന്‍ അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സ് കാണികള്‍ക്ക് ഒരുപോലെ സന്തോഷവും അഭിമാനവും സമ്മാനിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശഭക്തിഗാനം, ഭരതനാട്യം, പുല്ലാങ്കുഴല്‍, നാടന്‍പാട്ട്, ഫ്യൂഷ്യന്‍ എന്നിവയും വേദിയില്‍ നടന്നു.
പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു
പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് ബോഡുബെറു സംഘടിപ്പിച്ചത്. ബോഡുബെറു അഥവാ പവിഴ ദ്വീപിന്റെ സംഗീതം എന്ന് അറിയപ്പെടുന്ന ഇത് മാലിദ്വീപിലെ നാടന്‍ പാട്ടാണ്. ബോഡുബെറുവിനൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ നാടന്‍ പാട്ടുകള്‍ കൂടി ചേര്‍ത്തൊരുക്കിക്കൊണ്ട് ഫോക്‌ലോര്‍ അക്കാദമി ജേതാവായ സുരേഷ് സോമ കാണികള്‍ക്ക് വിരുന്നൊരുക്കി. താളം കൊട്ടിയും ചുവടുകള്‍ വച്ചും കാണികളും സുരേഷ് സോമയുടെ ബോഡുബെറു സംഗീതം ഏറെ ആസ്വദിച്ചു.
എന്റെ കേരളം പ്രദര്‍ശന നഗരിയില്‍
(13/05/2022 )
10.00 മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ജന്തുജന്യ രോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍’ സെമിനാര്‍.
11.30 കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ സെമിനാര്‍.
2.30 കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികളും കുടുംബശ്രീ കലാജാഥയും.
5.00 ഗസല്‍ സന്ധ്യ. അവതരണം അജിത്ത് വേണുഗോപാല്‍.
6.30 ഡോഗ് ഷോ. പോലീസ് ഡോഗ് സ്‌ക്വോഡ്.
7.00 ഇന്ത്യന്‍ ഗ്രാമോത്സവം- വിവിധ സംസ്ഥാനങ്ങളിലെ നൃത്തനൃത്യങ്ങള്‍. അവതരണം ഭാരത് ഭവന്‍.