ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുകയുമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും, കേരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുകയും അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നതില്‍ അഭിമാനം കണ്ടെത്തുന്ന സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കുവാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
തെക്കേക്കരയില്‍ അര ഏക്കര്‍ തരിശ് പുരയിടത്തിലാണ് കൃഷി ആരംഭിക്കുന്നത്. ചീരതൈ നട്ടുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കൃഷി ചെയ്ത ചീരയുടെ വിത്തുകളാണ് പ്രത്യേകമായി എത്തിച്ച് പന്തളം തെക്കേക്കരയില്‍ നട്ടത്. വെണ്ട, പച്ചമുളക്, വഴുതന, ചീര, കത്തിരി എന്നീ പച്ചക്കറികളും, കുമ്പളം, മത്തന്‍, പീച്ചല്‍, തടിയന്‍, കോവല്‍ എന്നീ പന്തല്‍ വിളകളും കൃഷി ചെയ്യുന്നുണ്ട്.
വാഴ കൃഷിക്കായി ഒരുക്കുന്ന കദളീവനത്തില്‍ റോബസ്റ്റ, ഏത്തന്‍, ഞാലി, പൂവന്‍, പടറ്റി എന്നീ പഴവര്‍ഗങ്ങളാണ് നടുന്നത്. സെല്‍ഫി പോയന്റ് എന്ന ആശയത്തില്‍ സൂര്യകാന്തി, ബന്ദി, സീനിയ, മാങ്ങാഞാറി, വാടാ മുല്ല എന്നീ പുഷ്പങ്ങളും കൃഷിയുടെ ഭാഗമാകും. ഇന്ദിരാ ജി നായര്‍ എന്ന വ്യക്തിയില്‍ നിന്ന് പാട്ടത്തിനെടുത്ത 75 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
ഞങ്ങളും കൃഷിയിലേക്ക് സത്യപ്രതിജ്ഞ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് റാഹേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാര്‍, ലാലി ജോണ്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.എസ്. റീജ, കൃഷി ഓഫീസര്‍ സി. ലാലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.