Trending Now

ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണം : ജില്ലാ കളക്ടര്‍

 

ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കുന്ന ലാന്‍ഡ് ബാങ്കിന്റെ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ജില്ലയില്‍ കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ജില്ലാ കളക്ടര്‍മാര്‍ ലാന്‍ഡ് ബാങ്ക് മുഖേന വിലയ്ക്ക് വാങ്ങി ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുക ആയിരുന്നു കളക്ടര്‍. പ്രാദേശികമായ പ്രാധാന്യം അനുസരിച്ച് ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക്  ലഭ്യമാക്കണമെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ലാന്‍ഡ് ബാങ്കിലേക്ക് കോന്നി , കോഴഞ്ചേരി, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 2022 ല്‍ വാങ്ങിയ 5.3 ഏക്കര്‍ ഭൂമിഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി ഓരോ ഗുണഭോക്താവിനും എത്ര ഭൂമി വീതം നല്‍കണമെന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ 15 ദിവസത്തിനകം തയ്യാറാക്കണമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ലാന്‍ഡ് ബാങ്കിലേക്ക് ഇനി വാങ്ങാന്‍ തെരഞ്ഞെടുത്ത ഭൂമി നിലവില്‍ വാസയോഗ്യമാണോ എന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ റാന്നി തഹസില്‍ദാരും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറും ചേര്‍ന്ന് ഒരിക്കല്‍ കൂടി സംയുക്ത പരിശോധന നടത്തും. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ തയ്യാറാക്കിയിട്ടുള്ള ഭൂരഹിതരുടെ ലിസ്റ്റ് പരിശോധിച്ച്, അപേക്ഷകര്‍ റവന്യൂ വകുപ്പിന്റെ ഭൂരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ റാന്നി തഹസില്‍ദാരോട് നിര്‍ദേശിച്ചു.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, ജില്ലാ രജിസ്ട്രാര്‍ പി.പി നൈാന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ടി.പി സുദര്‍ശനന്‍, ഡ്രാഫ്റ്റ്സ്മാന്‍ ആര്‍.രഞ്ജിനി, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം. സബീര്‍, ക്ലാര്‍ക്ക് ഇ എല്‍ അഭിലാഷ്,  ജൂനിയര്‍ സൂപ്രണ്ട് ജി. രാജി, ക്ലാര്‍ക്ക് സോണി സാംസണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.