Trending Now

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം: സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി

 

 

konnivartha.com : ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അധ്യാപകൻ്റെ വേഷത്തിലെത്തുന്നത്.

 

“ഞാൻ ആദ്യമാണ് ഒരു അധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ് ഞാൻ”. ധ്യാൻ ശ്രീനിവാസൻ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് പറഞ്ഞു.

 

കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിൻ്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തൻ്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്.

 

സ്വന്തം നാടിൻ്റെ വികസനവും ജോസിൻ്റെ വലിയ സ്വപ്നമായിരുന്നു. നാടിനെയും, നാട്ടുകാരെയും സേവിക്കാൻ ജോസ് ഒരു ക്ലബ്ബ് ആരംഭിച്ചു. നാട്ടിലെ നല്ല മനസുള്ള ചെറുപ്പക്കാരെല്ലാം ക്ലബ്ബിൽ ചേർന്ന് ജോസിൻ്റെ വലംകൈ ആയി പ്രവർത്തിക്കാൻ തുടങ്ങി. ക്ലബ്ബിൻ്റ മീറ്റിംങ്ങിൽ മദ്യപാനികൾക്ക് പ്രവേശനമില്ലായിരുന്നു.എന്നാൽ പൂർണ്ണ മദ്യപാനിയായ പ്രാഞ്ചി എല്ലാ മീറ്റിംങ്ങിലും ഹാജരാവും. ഒരു മീൻകുളം ഉണ്ടാക്കാനുള്ള പണം വേണം. അതായിരുന്നു പ്രാഞ്ചിയുടെ ലക്ഷ്യം.

 

നല്ല ലക്ഷ്യമായതുകൊണ്ട് ജോസ് നിരാശപ്പെടുത്തിയില്ല.എന്നാൽ പ്രാഞ്ചി വലിയൊരു തലവേദനയായി മാറിയതോടെ ജോസ് പ്രാഞ്ചിയെ വിരട്ടി .ഇതിനിടയിൽ പ്രാഞ്ചിക്ക് മുത്തും, പവിഴവും അടങ്ങിയ നത്തങ്ങാടി കിട്ടി. വീണ്ടും പ്രാഞ്ചി ജോസിന് വലിയ തലവേദനയായി മാറുകയായിരുന്നു.

 

 

ധ്യാൻ ശ്രീനിവാസൻ്റെ വ്യത്യസ്ത വേഷമായി മാറുകയാണ് ജോസ് എന്ന അധ്യാപകൻ .ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരൻ.ജോസ് എന്ന നന്മ നിറഞ്ഞ യുവാവിൻ്റെ വേഷം, ധ്യാൻ ശ്രീനിവാസന് പുതിയൊരു മുഖം നേടിക്കൊടുക്കും. മെമ്പർ രമേശൻ വാർഡ് നമ്പർ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാൻ ശ്രീനിവാസൻ്റെ നായികയായി എത്തുന്നത്. ഒരു അധ്യാപകനായ നിർമ്മാതാവ് ശിവൻകുട്ടൻ, തൻ്റെ അനുഭവങ്ങളിൽ നിന്ന് വാർത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.

 

മൈന ക്രിയേഷൻസിനു വേണ്ടി ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, ജസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ – കപിൽ ഗോപാലകൃഷ്ണൻ,ഗാനങ്ങൾ – സന്തോഷ് വർമ്മ ,സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, അസോസിയേറ്റ് ഡയറക്ടർ – ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലകോട്, കല – കോയ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ ഇsപ്പാൾ, സ്റ്റിൽ – ശ്രീനി മഞ്ചേരി ,പി.ആർ.ഒ- അയ്മനം സാജൻ

 

ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, കോബ്രാ രാജേഷ്, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി, ജയകൃഷ്ണൻ, ശിവൻകുട്ടൻ കെ.എൻ,സുധി കൊല്ലം ,ടോണി, മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

 

error: Content is protected !!