Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഒറ്റത്തവണ പ്രമാണ പരിശോധന 4ന് (മെയ് 4)

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി മാത്രം) (കാറ്റഗറി നം. 554/2019) തസ്തികയുടെ 2022 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച 04/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന മെയ് നാലിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് – 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 -2222665.

 

സംസ്ഥാനതല പോസ്റ്റര്‍ രചനാ മത്സരം

ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണം എന്ന വിഷയം അടിസ്ഥാനമാക്കിയുളള പോസ്റ്ററാണ് തയാറാക്കേണ്ടത്.
എ ഫോര്‍ വലിപ്പത്തില്‍ വാട്ടര്‍ കളര്‍, അക്രിലിക്, പോസ്റ്റര്‍ കളര്‍ ഇവയിലേതെങ്കിലും മാാധ്യമത്തില്‍ പോസ്റ്റര്‍ തയാറാക്കിയതിനു ശേഷം അവ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി [email protected] എന്ന വിലാസത്തില്‍ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പായി അയയ്ക്കണം. പോസ്റ്റര്‍ തയാറാക്കിയ ആളിന്റെ പേര്, വയസ്, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം നല്‍കണം.
ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററിന്റെ ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനായിരിക്കും. ഫോണ്‍ : 9447472562, 9447031057.

അഭിമുഖം മെയ് 11 ന്

പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (എക്സ്സര്‍വീസ്മാന്‍ മാത്രം )(എന്‍സിഎ എം)(കാറ്റഗറി നം. 530/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ മെയ് 11 ന് രാവിലെ 9.30 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ഥിക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗര്‍ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍ : 0468 2222665.

സംരംഭകത്വ വികസന പരിശീലനപരിപാടി

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസനപരിശീലന പരിപാടി (ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം ) സംഘടിപ്പിക്കും. മെയ് 18 മുതല്‍ മെയ് 28 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. വിവിധ വ്യവസായ വിദഗ്ധര്‍ നയിക്കുന്ന സെഷനുകളില്‍ ഐസ്ബ്രേക്കിംഗ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്‍, ജി. എസ്. റ്റി, മാര്‍ക്കറ്റ് റിസര്‍ച്ച്, വ്യവസായ വകുപ്പിന്റെ വിവിധ സ്‌കീംസ്, ബ്രാന്‍ഡിംഗ്, കെഎസ്ഡബ്ല്യൂഐഎഫ്ടി തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ്ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 5,900 രൂപ(ജിഎസ്ടി ഉള്‍പ്പടെ)ആണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി), വെബ്സൈറ്റായ www.kied.info-ല്‍ ഓണ്‍ലൈനായി മെയ്13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890 / 2550322/7012376994/ 9605542061.

സമയപരിധി നീട്ടി

നാട്ടാന പരിപാലന ചട്ടം 2012- ആന എഴുന്നളളിപ്പ് നടത്തുന്നതിന് ദേവസ്വങ്ങള്‍ / ക്ഷേത്രങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയ പരിധി പല തവണ നീട്ടിയിരുന്നു. ഈ കാലയളവിനുളളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയ ദേവസ്വങ്ങള്‍ / ക്ഷേത്രങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മെയ് 31 വരെ സമയപരിധി നീട്ടിയതായി പത്തനംതിട്ട എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0468 2243452.

പദ്ധതി നിര്‍വഹണം: മികച്ച പ്രവര്‍ത്തനം നടത്താന്‍
സാധിച്ചതായി ജില്ലാ വികസന സമിതി യോഗം

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. പദ്ധതി നിര്‍വണത്തിനായി ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ ലഭ്യമായ തുകയുടെ 97.79 ശതമാനവും വിനിയോഗിച്ചു.

കുമ്പനാട്-പുറമറ്റം-പുതുശേരി വരെയുള്ള റോഡിന്റെ ബിസി ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഉപദേശിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടിയുള്ള സര്‍വേ വേഗത്തിലാക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പുറമറ്റത്തെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും തിരുവല്ല ബൈപാസിലെ ആറ് ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. കൂടാതെ, തിരുവല്ല -പൊടിയാടി റോഡ് പൈപ്പ് ലൈന്‍ പ്രവര്‍ത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കെആര്‍എഫിബിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകണമെന്നും
തിരുവല്ല-രാമന്‍ചിറ-മല്ലപ്പള്ളി റോഡില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എംഎല്‍എ പറഞ്ഞു.

അടൂര്‍ സെന്റര്‍ മൈതാനിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. മഴ പെയ്യുമ്പോഴെല്ലാം വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഇതിനൊരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കണമെന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി പറഞ്ഞു.

വേനല്‍ മഴയില്‍ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വലിയ നാശനഷ്ടങ്ങളാണുണ്ടായതെന്നും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പ്രദേശത്ത് ഇടിമിന്നല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടുതലാണ്. ഇതിന്റെ കാരണം അറിയാനുള്ള ഒരു പഠനം ജില്ലാതലത്തില്‍ നടത്തണം. മന്ദമരുതി, റാന്നി താലൂക്കുകളില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സ എത്രയും വേഗം തുടങ്ങണമെന്നും എംപിയുടെ പ്രതിനിധി അറിയിച്ചു.

കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസരപ്രദേശത്ത് മണ്ണും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും നിരവധി ബുദ്ധിമുട്ടുകളാണുണ്ടാകുന്നതെന്നും കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പുരോഗതി അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു.
പുനലൂര്‍- മൂവാറ്റുപുഴ റീച്ചിലെ വകയാര്‍ ഭാഗത്തും, കൂടല്‍ ഭാഗത്തും ഓട നിര്‍മിക്കണമെന്നും പുതിയ കലുങ്ക് നിര്‍മിക്കണമെന്നും അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രതിനിധി വിഷ്ണു മോഹന്‍ യോഗത്തില്‍ പറഞ്ഞു. കഞ്ചോട് കുടിവെള്ള പദ്ധതി എംഎല്‍എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനാല്‍ ഓരോ ഫണ്ടിലും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് പ്രത്യേകം എസ്റ്റിമേറ്റുകള്‍ ലഭ്യമാക്കണമെന്ന് എംഎല്‍എയുടെ പ്രതിനിധി പറഞ്ഞു. കുന്നിട സര്‍ക്കാര്‍ സ്‌കൂള്‍, കോന്നി താലൂക്ക് ആശുപത്രി, കലഞ്ഞൂര്‍ -പാടം റോഡ് എന്നിവയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കൈപ്പട്ടൂര്‍ അമ്പലത്തിന്റെ ശ്രീകോവില്‍ ഒരു വര്‍ഷത്തോളമായി ആറ്റിലേക്ക് ഇടിഞ്ഞ് വീണ് കിടക്കുകയാണെന്നും എംഎല്‍എയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കെആര്‍എഫ്ബി നടപ്പാക്കുന്ന പ്രവര്‍ത്തികളുടെ നിര്‍വഹണത്തിന്റെ തടസങ്ങള്‍ ജില്ലയുടെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്റെ ജില്ല മൊബൈല്‍ ആപ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ജനങ്ങള്‍ ഈ സേവനം വിനിയോഗിക്കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 ഇടയില്‍ പ്രായമുള്ളതുമായ പട്ടിക വര്‍ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ 689672 എന്ന വിലാസത്തില്‍ അയക്കുകയോ, റാന്നി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് ഒന്‍പത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735227703 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.