Trending Now

റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു

 

പത്തനംതിട്ട ചിറ്റാറില്‍ റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച് അഭിനന്ദിച്ചു.

ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാര്‍ എന്നിവരേയും അഭിനന്ദിച്ചു . ഇങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. അവര്‍ക്ക് എല്ലാ ആശംസകളും അറിയിക്കുന്നതായി മന്ത്രി പറഞ്ഞു

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സീതത്തോട് കൊടുമുടി കുന്നേല്‍പടിക്കല്‍ റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം കൂട്ടുകാരിയുടെ വീട്ടില്‍ പോയി വരുന്ന സമയത്താണ് പ്രസവ വേദന കലശലായത്.

 

യുവതിയ്ക്ക് പ്രസവ തീയതി എത്തിയിരുന്നില്ല. ഇതറിഞ്ഞ സമീപ പ്രദേശത്തുള്ളവര്‍ ആശാ പ്രവര്‍ത്തക സതി പ്രസാദിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ സതി പ്രസാദ് സ്ഥലത്തെത്തി 108 ആംബുലന്‍സിന്റെ സഹായം തേടി.

 

അടുത്തവീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരുമുണ്ടായിരുന്നു. ഇതിനിടയില്‍ ആബുലന്‍സും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ സി.കെ. മറിയാമ്മയും എത്തി. യുവതിയെ ആംബുലന്‍സില്‍ വച്ച് പൊക്കിള്‍കൊടി മുറിച്ച് ജെപിഎച്ച്എന്നും ആശാപ്രവര്‍ത്തകയും സിന്ധു ബിനുവും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.

 

ആശുപത്രിയില്‍ ഇവരോടൊപ്പം നില്‍ക്കാനും ആരുമില്ലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ ആശാ പ്രവര്‍ത്തക കൂടെ സഹായിയായി നിന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!