സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ‘ഖാദി ഷോ 2022’ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദി ബോർഡിന്റെ സർട്ടിഫൈഡ് സംരംഭകർക്കു ‘കേരള ഖാദി’യെന്ന ബ്രാൻഡ് ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ വിപണിയിലെത്തുന്ന ഖാദി ഒറിജിനലാണോ വ്യാജനാണോയെന്ന് ഉപയോക്താവിന് അറിയാനാകും. പുതുതലമുറയെ ആകർഷിക്കത്തക്ക നവീന വസ്ത്ര വൈവിധ്യങ്ങൾ വിപണിയിലെത്തിക്കാൻ ബോർഡിനു കഴിഞ്ഞിട്ടുണ്ട്.
വിപണി ആകർഷകമാക്കുന്നതിനു ഷോറൂം ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകി.
ബോർഡിന്റെ അത്യാധുനിക ഷോറൂം തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ചു. ഡിസൈനർമാരുടെ സേവനം ഇവിടെ ഏർപ്പെടുത്തി. ഷോറൂമുകളിൽ ലോൺഡ്രി, ഓൾട്രേഷൻ സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ഇ-കൊമേഴ്സിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്ളിപ്കാർട്ടുമായി ബോർഡ് ധാരണാപത്രം ഒപ്പുവച്ചതായി മന്ത്രി പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ പദ്ധതിയിൽ ഖാദി – ഗ്രാമ വ്യവസായ മേഖലയ്ക്കു വലിയ സംഭാവന ചെയ്യാൻ കഴിയും.
ഗ്രാമീണ വ്യവസായ മേഖലയിലടക്കം വൻ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുടെ സാങ്കേതിക സഹായത്തോടെ നിർമിച്ച പുതിയ ഖാദി വസ്ത്രങ്ങളുടെ ലോഞ്ചിങ്ങ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനുമായി ചേർന്നു മന്ത്രി നിർവഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.