Trending Now

ശിശുക്ഷേമ സമിതിയുടെ ബാലോത്സവത്തിന് ഏപ്രില്‍ 18ന് തുടക്കമാകും

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പഠനക്ലാസായ ബാലോത്സവം 2022ന് ഏപ്രില്‍ 18ന്  അടൂരില്‍ തുടക്കമാകും. അടൂര്‍ ബിആര്‍സി ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ നാടന്‍പാട്ടും കളികളും അവതരിപ്പിക്കും.

 

ബാലോത്സവം അവധിക്കാല പഠന ക്ലാസ് മേയ് 17 വരെയാണ്. വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമാണ് അവധിക്കാല പഠനക്ലാസ് നടത്തുന്നത്. പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല പഠന ക്ലാസിലൂടെ അവസരം ലഭിക്കും.

 

 

 

എട്ടു മുതല്‍ 16 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രാഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ മേഖലകളില്‍ പ്രഗല്‍ഭരായ അധ്യാപകര്‍ പഠനക്ലാസുകള്‍ നയിക്കും. ഒരു കുട്ടിക്ക് മൂന്നു വിഷയങ്ങളില്‍ പങ്കെടുക്കാം.

 

 

രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്ലാസുകളും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പ്രമുഖരുമായുള്ള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും നടത്തും. വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടി കാക്കാരശി നാടകം, നാടക പരിശീലനം, വിനോദ യാത്രകള്‍ തുടങ്ങിയവയും ക്ലാസുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645374919, 9400063953, 9447151132, 9497817585, 9495903296 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.