Trending Now

കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം

കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം

റോഡ് നിർമ്മാണ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ആൻ്റോ ആൻ്റണി എം.പി.യുടെ ശ്രമം സ്വയം അപഹാസ്യമാകുന്നതിന് തുല്യം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

konnivartha.com ;  കോന്നി മണ്ഡലത്തിലെ മൂന്ന് റോഡ് വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്നും എം.പി. പിൻതിരിയണമെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.കോന്നി മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് എം എൽ എ യുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് നടപടി സ്വീകരിച്ചു വരുന്നത്. ഈ റോഡുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ നിർമാണ പ്രവർത്തികൾക്കായി എം.എൽ.എ നിർദ്ദേശിച്ച മൂന്നു പൊതു മരാമത്ത് റോഡുകളുടെ പേരിൽ ആന്റോ ആന്റണി എം പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പത്രവാർത്ത നൽകുകയും, സ്വന്തം ഫെയ്സ് ബുക്ക്‌ പേജിലൂടെ റോഡുകൾക്ക് ഭരണാനുമതി ലഭിച്ചു എന്ന് അറിയിക്കുകയുമാണ് ചെയ്തത്.

ഇത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ വാർത്തയും, എഫ്.ബി. പോസ്റ്റും അവാസ്തവമാണെന്നും, പിൻവലിച്ച് വാർത്താകുറിപ്പ് നല്കണമെന്നും എം.എൽ.എ ഓഫീസ് എം.പി.ഓഫീസിനോട് അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

കോന്നി നിയോജക മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന വിവിധ പൊതുമരാമത്ത് റോഡുകളിലാണ് എം.പി. തെറ്റായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 11കിലോമീറ്റർ ദൂരമുള്ള വകയാർ -അതിരുങ്കൽ -കുളത്തുമൺ -കല്ലേലി റോഡ്,10കിലോമീറ്റർ ദൂരമുള്ള മഞ്ഞക്കടമ്പ് -മാവനാൽ -ട്രാൻസ്ഫോർമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ റോഡ്,11.6 കിലോമീറ്റർ ദൂരമുള്ള മണ്ണാറകുളഞ്ഞി -പുതുക്കുളം -പൊതിപ്പാട് -മുണ്ടക്കൽ -കുമ്പളാംപൊയ്ക റോഡ് എന്നിവയാണ് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനായി എം.എൽ.എ നിർദ്ദേശിച്ചത്.
കോന്നി പൊതു മരാമത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പൊതു മരമത്തു വകുപ്പിന്റെ ആസ്തിയിലുള്ള വിവിധ റോഡുകൾ കൂട്ടിയോജിപ്പിച്ച് 10 കിലോമീറ്ററിലധികം ദൂരത്തിലുള്ള റോഡുകളായി ലിസ്റ്റാക്കുകയായിരുന്നു. തുടർന്ന് ദേശിയ പാത വിഭാഗം കൊല്ലം എക്സികുട്ടീവ് എഞ്ചിനീയർക്ക് കത്ത് ഇമെയിലായി നൽകുകയും, കൊല്ലത്തു നിന്നുള്ള ദേശിയ പാത വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എസ്റ്റിമേറ്റ് എടുത്തു സംസ്‌ഥാന പൊതുമരാമത്ത് വകുപ്പിന് സമർപ്പിക്കുകയും ചെയ്തു. ഈ റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ട് പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുമില്ല.യഥാർത്ഥ വസ്തുത ഇതായിരിക്കെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പത്ര മാധ്യമങ്ങളിൽ കൂടി ഈ റോഡുകൾക്ക് കേന്ദ്ര റോഡ് പദ്ധതിയിൽ നിന്നും 50.4 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു എന്ന് വാർത്ത നൽകിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയാണ്.

കേരള സർക്കാർ കോന്നി നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകി വരികയാണ്. കേന്ദ്ര റോഡ് പദ്ധതിയിൽ പൊതു മരാമത്ത് റോഡുകൾ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നത് സംസ്‌ഥാന സർക്കാർ വഴി പ്രൊപോസൽ സമർപ്പിച്ചാണെന്നിരിക്കെ ഈ റോഡുകൾക്കു വേണ്ടി ഒരു പ്രവർത്തനവും ചെയ്യാതെ എം എൽ എ സമർപ്പിച്ച ലിസ്റ്റ് തന്റെ പദ്ധതിയാണെന്ന് പറഞ്ഞു വാർത്ത നൽകിയതും ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തതും രാഷ്ട്രീയ പാപ്പരത്വം ആണെന്ന് എം എൽ എ പറഞ്ഞു.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 7 നിയമസഭ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളിലെ പൊതുമരാമത്ത് റോഡുകൾക്ക് മാത്രം തുക അനുവദിച്ചത് വിചിത്രം തന്നെയാണ്.

എം.പി. സ്വയം അപഹാസ്യനാകാതെ തെറ്റായ പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. ജനപ്രതിനിധി എന്ന നിലയിൽ എം.പി.മണ്ഡലത്തിൽ എന്ത് വികസന പ്രവർത്തനം നടത്തിയാലും അതോടൊപ്പം ചേർന്ന് നിന്ന് എല്ലാ പിൻതുണയും നല്കും.എന്നാൽ എം.എൽ.എയുടെ പരിശ്രമത്താൽ നടപ്പിലാക്കാൻ സാധ്യതയുള്ള ഒരു പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ നടത്തിയ പരിശ്രമം തികച്ചും അപഹാസ്യമാണെന്നും എം.എൽ.എ പറഞ്ഞു.