Trending Now

ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം : കേരളാ പൊലീസ്

 

konnivartha.com : ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ച് നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ച് തകർക്കുകയോ ചെയ്യാമെന്ന് അവകാശപ്പെട്ടു.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കുന്നതെന്നു സൈബർ ഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.ജീപ്പിൽ ഘടിപ്പിക്കുന്നതിനാൽ എവിടെയും ഉപയോഗിക്കാമെന്നും ഇതോടൊപ്പം പൊലീസ് സേനയ്ക്ക് ആവശ്യമായ വിവിധ തരം ഡ്രോണുകളും വികസിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

സൈബർ ഡോമിൽ, 40 പൊലീസ് ഉദ്യോഗസ്ഥർക്കു ഡ്രോൺ പറത്താനും ഉപയോഗിക്കാനും സിമുലേറ്ററിൽ പരിശീലനം നൽകിയതായും യഥാർഥ ഡ്രോൺ ഉപയോഗിച്ചുള്ള പരിശീലനം തുടർന്നും നൽകുമെന്നും വ്യക്തമാക്കി. ജില്ലാതലത്തിലും കൂടുതൽ പൊലീസുകാർക്കു പരിശീലനം നൽകുമെന്നും പറഞ്ഞു.