Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ സർക്കാർ കണ്ടെത്തിയ മുഴുവൻ സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്തു ലഭിക്കുന്ന തുക നിക്ഷേപകർക്ക് ആനുപാതികമായി വീതിച്ചു നൽകാൻ സർക്കാർ നിയമിച്ച കോംപിറ്റന്റ് അതോറിറ്റി നൽകിയ ഹർജി പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.
2022 ഏപ്രിൽ ഒന്നിന് ഹാജരാകാൻ എതിർ കക്ഷികളായ പോപ്പുലർ ഫിനാൻസ്സ് ഉടമകൾക്ക് കോടതി സമയം അനുവദിച്ചു.
കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം അനുസരിച്ചാണ് കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥനെ അതോറിറ്റിയായി നിയമിച്ചത്. പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ നിരന്തര സമര പരിപാടികളുടെയും കോടതി നടപടികളുടെയും ഭാഗമായി സർക്കാർ അതോറിറ്റിയെ നിയമിച്ചു ഉത്തരവ് ഇറക്കിയിരുന്നു.
പോപ്പുലർ ഫിനാൻസിന്റെ കൈവശം ഇപ്പോൾ ഉള്ള വകയാറിലെ കെട്ടിടം, വകയാറിലെ വീടും സ്ഥലവും, മറ്റ് കെട്ടിടം പോലീസ് കണ്ടെത്തിയ വാഹനങ്ങൾ, മറ്റ് ജില്ലയിലെ കെട്ടിടം, അന്യ സംസ്ഥാനത്തെ ഭൂമി മറ്റ് വസ്തു വകകൾ ഇവർ വിറ്റ വസ്തുക്കൾ കെട്ടിടങ്ങൾ എന്നിവ അതോറിറ്റി ജപ്തി ചെയ്തിരുന്നു. ഈ ജപ്തി നടപടികൾ സാധൂകരിക്കുന്നതിനും കോടതിയിൽ അപേക്ഷ നൽകി.
ഈ വസ്തു വകകൾ എല്ലാം ലേലത്തിലൂടെ വിറ്റു കിട്ടുന്ന തുക നിക്ഷേപത്തിന് ആനുപാതികമായി നിക്ഷേപകർക്കു വീതിച്ചു നൽകണം എന്നാണ് പത്തനംതിട്ട ജില്ലാ ഗവ പ്ലീഡർ എ സി ഈപ്പൻ മുഖേന അതോറിറ്റി സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ആയിരകണക്കിന് നിക്ഷേപകരുടെ കൂട്ടായ്മയിൽ ഉള്ള സംഘടനകളും ഇക്കാര്യമാണ് ആദ്യം മുതൽ ആവശ്യപ്പെടുന്നത്.
നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ ലേലം മാത്രമാണ് ഉചിതമായ നടപടി എന്ന് സർക്കാരിനും നിയമ ഉപദേശം ലഭിച്ചിരുന്നു. ആയിരക്കണക്കിന് നിക്ഷേപകർക്ക് ആശ്വാസം പകരുന്ന കാര്യമാണ് ഇപ്പോൾ ഹർജി ഫയലിൽ സ്വീകരിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.
നിക്ഷേപകരുടെ പ്രധാന ആവശ്യമാണ് ഇപ്പോൾ നടപടി ക്രമമായതെന്ന് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ സംസ്ഥാന പ്രസിഡന്റ് സി എസ് നായർ “കോന്നി വാർത്ത ഡോട്ട് കോമിനോട് “പറഞ്ഞു.
ഏതാനും ദിവസം മുന്നേ സംഘടനാ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കു നടത്തിയ സമരം ജനകീയമായിരുന്നു. പ്രതിപക്ഷ നേതാവും ഉന്നയിച്ച വിഷയത്തിൽ ആണ് ഇപ്പോൾ മേൽ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്.