Trending Now

ക്ഷയരോഗ നിവാരണത്തില്‍ കേരളം ഏറെ മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍

 

ക്ഷയരോഗ നിവാരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗനിവാരണത്തില്‍ രാജ്യത്തിന് വഴികാട്ടുന്നത് നമ്മുടെ കേരളമാണ്. രോഗം നിയന്ത്രിക്കുന്ന കാര്യത്തിലും ഒന്നാമതാണ് നമ്മുടെ സംസ്ഥാനം. പുതിയ കേസുകളുടെ എണ്ണം വലിയതോതില്‍ കുറയ്ക്കാനായത് ആരോഗ്യമേഖലയുടെ നേട്ടമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദിനാചരണ സന്ദേശം നല്‍കി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. അലാവുദീന്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം, മെഡിക്കല്‍ ഓഫീസര്‍ ബെറ്റ്‌സി ജേക്കബ്, അടൂര്‍ ടി.ബി. കണ്‍ട്രോള്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജൂഡ് അല്‍ഫോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ റ്റി.ബി. സെന്റര്‍ ആരോഗ്യകേരളം, ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മികച്ച ആശാപ്രവര്‍ത്തകരായി തെരഞ്ഞെടുത്ത കോയിപ്രം, കൊറ്റനാട്, ചെന്നീര്‍ക്കര, കൂടല്‍ എന്നീ കേന്ദ്രങ്ങളിലെ ആശാപ്രവര്‍ത്തകരെ ആദരിച്ചു. മികച്ച ടിബി യൂണിറ്റായ റാന്നിയെയും, മികച്ച മാതൃക ട്രാന്‍സ്പോര്‍ട്ടറായ ശശികലയെയും മികച്ച സ്റ്റെപ് സെന്ററായ പുഷ്പ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെയും ആദരിച്ചു. ടിബിയെ പോരാടി തോല്‍പ്പിച്ച ടിബിചാമ്പ്യന് പ്രത്യേക അവാര്‍ഡ് നല്‍കി. വിരമിച്ച ട്രീറ്റ്മെന്റ് ഓര്‍ഗനെസര്‍ ഹാജിറാ ബീവി, റാന്നിയില്‍ ക്ഷയരോഗപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇളയദളപതി ഫാന്‍സ് അസോസിയേഷന്‍ ട്രഷറര്‍ ഭാഗ്യവാന്‍ എന്നിവരെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. തുടര്‍ന്ന് അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, അടൂര്‍ഹോളി ക്രോസ് നഴ്‌സിംഗ് കോളജ്, ഇലന്തൂര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.