Trending Now

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും എം.എൽ.എ.

KONNI VARTHA.COM : കിഫ് ബി പദ്ധയിൽ നിന്നും അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

നൂറ് പായ്ക്കറ്റ് രക്തം സംഭരിച്ച് വയ്ക്കാൻ കഴിയുന്ന ബ്ലഡ്‌ സ്റ്റോറേജ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഓപ്പറേഷൻ തീയറ്ററുകളിൽ ഒരെണ്ണമാണ് പൂർണ്ണ സജ്ജമാക്കി തുറന്നുകൊടുത്തത്.ഇവിടെ ഓപ്പറേഷനുകളും ആരംഭിച്ചു എങ്കിലും ബ്ലഡ് ബാങ്കില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് അടിയന്തിരമായി സ്ഥാപിച്ചത്.

സമീപ പ്രദേശങ്ങളിലെ ബ്ലഡ് ബാങ്ക് സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന രക്തം മെഡിക്കൽ കോളേജിലെ സ്റ്റോറേജ് യൂണിറ്റിലെത്തിക്കുകയും, ഓപ്പറേഷന് ഉപയോഗിക്കുകയും ചെയ്യും. ബ്ലഡ് ബാങ്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ മതിയായ അളവിൽ രക്തം മെഡിക്കൽ കോളേജിൽ തന്നെ സംഭരിച്ച് സൂക്ഷിക്കാൻ കഴിയും.

ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള ഉപകരണങ്ങൾ എത്തുന്നതോടെ കൂടുതൽ ഓപ്പറേഷൻ തീയറ്ററുകളും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായുള്ള ഇടപെടീലുകൾ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ നേതൃത്വം നല്കി നടത്തിവരികയാണ്.പ്രവർത്തന സജ്ജമായ ഓപ്പറേഷൻ തീയറ്ററുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ കിടത്തി ചികിത്സ നടത്തുന്നവരുടെ എണ്ണവും വർദ്ധിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമൻ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!