പോലീസ് സേന ജനസൗഹൃദ സേനയായി മാറി: മന്ത്രി വീണാ ജോര്‍ജ്
പോലീസ് സേന ജനസൗഹൃദ സേനയായി മാറിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി നിര്‍മിച്ച ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പോലീസ് സേനയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. മികച്ച സേവനത്തിനുള്ള എല്ലാ സൗകര്യവും ആറന്മുള പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒപ്പം നിന്നതിന് നാടിന് നന്ദി അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന വേളയില്‍ 2018ലെ മഹാപ്രളയകാലം ഓര്‍ക്കുകയാണ്. പോലീസ് സേനാംഗങ്ങളും മസ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഊണും ഉറക്കവുമില്ലാതെ ജനങ്ങളെ രക്ഷിച്ചത് ഓര്‍ക്കുന്നു. ചരിത്രവും പൈതൃകവുമുറങ്ങുന്ന നാട്ടില്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്‍ എന്നും ജനോപകാരപ്രദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരേയും, കരാറുകാരനെയും ആദരിച്ചു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, വാര്‍ഡ് അംഗം ശ്രീലേഖ, മുന്‍ എം എല്‍എമാരായ എ.പത്മകുമാര്‍, മാലേത്ത് സരളാദേവി, കെ.സി. രാജഗോപാല്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീനാരാജന്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. സക്കറിയ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. അജി തുടങ്ങിയവര്‍ പങ്കെടുത്തു.
ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ആറന്മുളയിലെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുളയില്‍ പൂര്‍ത്തീകരിച്ചത്.
2018 ലെ പ്രളയത്തില്‍ പഴയ പോലീസ് സ്റ്റേഷന്‍ പൂര്‍ണമായി മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി. തുടര്‍ന്ന് 2020 ഓഗസ്റ്റ് മാസത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാസ്ഥാപനം നടത്തിയാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
തറക്കല്ലിട്ട് 11 മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി. പ്രളയം നേരിടത്തക്കവിധം അത്യാധുനിക സൗകര്യങ്ങളോടെ പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്ന ശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് റൂമുകള്‍ എന്നിവയും സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്.
ഒന്നാം നിലയില്‍ എസ്എച്ച്ഒ ഓഫീസ്, ക്രൈം എസ്ഐ, എല്‍ ആന്‍ഡ് ഒ എസ്ഐ എന്നിവരുടെ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, റിസപ്ഷന്‍, ആയുധപ്പുര, ലോക് അപ് മുറികള്‍ എന്നിവയാണ്. രണ്ടാം നിലയില്‍ അഡീഷനല്‍ എസ്ഐമാരുടെ ഓഫീസ്, തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന കേന്ദ്രം, റിക്കോര്‍ഡ് റൂം വനിത പൊലീസ് ഓഫീസര്‍മാരുടെ വിശ്രമ കേന്ദ്രം, ലൈബ്രറി, ജിംനേഷ്യം, റിക്രിയേഷന്‍ കേന്ദ്രം എന്നിവയും ഉണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ മുറിയും കംപ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള പ്രത്യേക മുറിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സ്റ്റേഷന്‍ സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കും.