Trending Now

പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും: മന്ത്രി ജി. ആര്‍. അനില്‍

 

 

കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള കായിക ഇനമാണ് ഹോക്കി.  അതു കൊണ്ടാണ് ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനം തന്നെ കായിക ദിനമായി ആചരിക്കുന്നത്.

 

കോവിഡ് തളര്‍ത്തിയ കായിക മേഖലയെ സജീവമാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തി വരുന്നത്. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കുട്ടികളെ പരിശീലിപ്പിക്കുകയും പുതിയ കായിക താരങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന പദ്ധതികളും അക്കൂട്ടത്തില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അതിനുള്ള പശ്ചാത്തലം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന് പത്തനംതിട്ട ജില്ലാ ആസ്ഥാനം ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമാണ് വേദിയാകുന്നത്. മൂന്ന് ദിവസങ്ങളിലായാണ് ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കേരള ഹോക്കി പ്രസിഡന്റ് വി സുനില്‍കുമാര്‍, ദേശീയ സര്‍വീസസ് ഹോക്കി താരം ഗോകുല്‍ രാജ് എന്നിവരെ സ്തു ത്യര്‍ഹ സേവനത്തിന് മൊമെന്റോ നല്‍കി ആദരിച്ചു.

 

കേരള ഹോക്കി പ്രസിഡന്റ് വി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ഹോക്കി പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇ.എസ്. രാജേന്ദ്രന്‍ നായര്‍, മാസ്റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ എന്‍. പി. ഗോപാലകൃഷ്ണന്‍, ജില്ലാ ഹോക്കി രക്ഷാധികാരി എസ്. രവീന്ദ്രന്‍, ട്രഷറര്‍ വിനോദ് പുളിമൂട്ടില്‍, സെക്രട്ടറി അമൃത് സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.