സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കലാകാരന്‍മാര്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴയില്‍ നടക്കുന്ന ദക്ഷിണ മേഖല കഥാപ്രസംഗ കളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യത്വം നഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിന്റെ കൂട്ടായിട്ടുളള ഉത്തരവാദിത്വവും ഇടപെടലും അനിവാര്യമാണ്. അത്തരമിടങ്ങളില്‍ കലാകാരന്‍മാര്‍ക്കും കലാ പ്രകടനങ്ങള്‍ക്കും ഏറ്റവും പ്രധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ കലാപ്രകടനങ്ങളും ആവിഷ്‌കാരങ്ങളും നില നില്‍ക്കേണ്ടത്് അനിവാര്യമാണ്. ഒരു കാലത്ത് ജനകീയ കല ആയിരുന്ന കഥാപ്രസംഗം ഇന്ന് യുവജനോത്സവങ്ങളില്‍ ഒതുങ്ങപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, പഞ്ചായത്തംഗം ബിജു വര്‍ണശാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ഫിലിപ്പ്, സെക്രട്ടറി പി.ജി. ആനന്ദന്‍, ആര്‍ അജയകുമാര്‍, വി.കെ. ബാബുരാജന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍, പ്രൊഫ വി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നായി 35 പേര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. കഥാപ്രസംഗ കളരി ഫെബ്രുവരി 28ന് സമാപിക്കും.