Trending Now

പള്ളിയോടങ്ങളുടെ നാട്ടില്‍ സ്വന്തം ബ്രാന്‍ഡ് ഒരുങ്ങുന്നു

Spread the love

 

konnivartha.com : ആചാരപ്പെരുമ കൊണ്ട് ചരിത്രപ്രസിദ്ധമായ നാടാണ് ആറന്മുള. ആറന്മുള കണ്ണാടി മുതല്‍ വള്ളസദ്യ വരെ നീണ്ടുകിടക്കുന്ന പാരമ്പര്യപെരുമകളുള്ള മണ്ണ്. ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആറന്മുളയുടെ പെരുമയെ ലോകത്തിനു മുന്‍പാകെ അവതരിപ്പിച്ച് വനിതാ ശാക്തീകരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ നേതൃത്വത്തില്‍.

 

ആറന്മുളയുടെ കൈയൊപ്പുള്ള മ്യൂറല്‍ പെയിന്റിംഗ് ചെയ്ത കേരള സാരി, വിവിധ കരകൗശല വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

 

സ്ത്രീകള്‍ക്ക് ജോലിയും മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്നപദ്ധതിയുടെ ആശയരൂപീകരണം നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ ആഗ്രഹമാണ് ആറന്മുള ബ്രാന്‍ഡ് എന്ന പദ്ധതിക്ക് പിന്നില്‍.

 

താത്പര്യമുള്ള പഞ്ചായത്തിലെ വനിതകള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വനിതകളെ ചെറു യൂണിറ്റുകളാക്കി തിരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഈ ഉത്പന്നങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും വിപണിയിലേക്കെത്തിക്കുക.

വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേളകള്‍ സംഘടിപ്പിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ആറന്മുളയിലെ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ ഇഷ്ടത്തെ വരുമാനമാക്കി മാറ്റി പഞ്ചായത്തിലെ വനിതകളുടെ ശാക്തീകരണവും സ്വയംപര്യാപ്തതയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറയുന്നു.

 

© 2025 Konni Vartha - Theme by
error: Content is protected !!