പരസ്പരം പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ഥസേവനം സാധ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ കോവിഡ് വാരിയേഴ്‌സ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
സന്നദ്ധ സേവനം ജീവിത മനോഭാവമാണെന്ന് തിരിച്ചറിയണം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ കഴിയുന്നത് അത്തരമാളുകള്‍ക്ക് ആണെന്നും അതിന് കോവിഡ് വാരിയര്‍ പോലെ ഉള്ള പരിപാടികള്‍ മാര്‍ഗരേഖ ആയി തീരണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തകാലത്ത് ഡി സി വോളന്റിയേഴ്‌സിന്റെയും സന്നദ്ധ സേവകരുടേയും പങ്ക് ജില്ലയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. കോവിഡ് വാരിയേഴ്‌സിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക്‌ചേരാന്‍ പരിശ്രമിക്കണമെന്നും എന്‍എസ്എസ് വോളന്റിയര്‍മാരോട്് കളക്ടര്‍ പറഞ്ഞു.
കോവിഡ് വാരിയര്‍ ജില്ല കമാന്റിംഗ് ഓഫിസര്‍ ഹരിത ആര്‍. ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന തല കമാന്റിംഗ് ഓഫിസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, ഡെപ്യൂട്ടി കമാന്റഡര്‍ ബ്രഹ്മനായകം മഹാദേവന്‍, സബ് കമാന്റിംഗ്ഓഫീസര്‍ സജിത്ത് ബാബു, കോര്‍ കമാന്റിംഗ് അംഗം സൗരവ് സന്തോഷ്, വിജീഷ് വിജയന്‍, ഡി സി വോളന്റിയേഴ്‌സ്, വിവിധ കോളജുകളിലെ എന്‍ എസ് എസ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 15 കോളജുകളിലായി 300 ഓളം വോളന്റിയേഴ്‌സ് ആണ് പ്രവര്‍ത്തിക്കുന്നത്.