konni vartha : താലൂക്കില്‍ ഏനാദിമംഗലം സ്‌കിന്നര്‍ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാര്‍ മിക്സിങ് പ്ലാന്റ് വന്നു . എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും നിശബ്ദരാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
പ്ലാന്റ് സ്ഥാപിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് കാട്ടി ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും നാല് അംഗങ്ങളെയും പ്രതികളാക്കി പാലത്ര കണ്‍സ്ട്രക്ഷന്‍സ് അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് പരാതിയെന്നാണ് സൂചന. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തുകയും സിപിഎമ്മില്‍ വലിയ നേതാവ് ആകുകയുംചെയ്ത ജനപ്രതിനിധിയും ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം ജനപ്രതിനിധിയും പ്ലാന്റിന് അനുമതി കിട്ടുന്നതിനായി തിരുവനന്തപുരത്ത് തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നു. മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്സിങ് പ്ലാന്റാണ് സ്‌കിന്നര്‍ പുരത്തെ വ്യക്തിയുടെ തോട്ടഭൂമിയില്‍ കൊണ്ടു വരാന്‍ നീക്കം നടക്കുന്നത്.
തോട്ടഭൂമിയായി നോട്ടിഫൈ ചെയ്തിരിക്കുന്നതിനാല്‍ ഇവിടെ മറ്റു വ്യവസായങ്ങളൊന്നും തന്നെ പാടില്ല. അല്ലെങ്കില്‍ വ്യവസായ വകുപ്പ് ഇടപെട്ട് വ്യാവസായിക ആവശ്യത്തിനായി ഡിനോട്ടിഫൈ ചെയ്യണം. വ്യവസായ മന്ത്രിയെ കണ്ട് ഇതിനുളള അനുവാദം വാങ്ങാനും ഡീനോട്ടിഫൈ ചെയ്യിക്കാനുമുള്ള നീക്കത്തിലാണ് സിപിഎമ്മിന്റെ രണ്ടു ജനപ്രതിനിധികള്‍. തൊട്ടടുത്ത ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ താരതമ്യേനെ മാലിന്യത്തോത് കുറഞ്ഞ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ സമരം നയിച്ചവരാണ് ഇപ്പോള്‍ മാരക മലിനീകരണ ശേഷിയുള്ള പ്ളാന്റിനായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറെ രസകരം.
അഞ്ചേക്കര്‍ ഭൂമിയാണ് വ്യാവസായിക ആവശ്യത്തിനായി ഡി നോട്ടിഫൈ ചെയ്യിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് സ്‌കിന്നര്‍ പുരം. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടെ അത്യപൂര്‍വമായ പക്ഷിമൃഗാദികളും ഏറെയുണ്ട്. ഇവിടെ ഡ്രം മിക്സിങ് പ്ലാന്റ് വന്നാല്‍ അവയുടെ ആവാസ വ്യവസ്ഥിതിക്ക് കോട്ടമാകും. ജനങ്ങളെയും പ്രതികൂലമായലി ബാധിക്കും. ഡ്രം മിക്സിങ് പ്ലാന്റ് നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുകയാണ്. വ്യവസായ വകുപ്പില്‍ നിന്ന് അനുമതി വാങ്ങാമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണറെ കണ്ട് കാര്യങ്ങളൊക്കെ ശരിയാക്കി നല്‍കാമെന്നും ധരിപ്പിച്ചാണ് ചങ്ങനാശേരി കേന്ദ്രമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പാലത്രയെ സിപിഎം നേതാക്കള്‍ സമീപിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതൃത്വങ്ങള്‍ ഇതിനായി ഇതുവരെ ഇടപെട്ടിട്ടില്ല എന്നാണ് അറിയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ പഞ്ചായത്താണ് ഏനാദിമംഗലം. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പ്ലാന്റ് കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്. ഇതിനായി രംഗത്തിറങ്ങിയിരിക്കുന്ന നേതാക്കളിലൊരാള്‍ സെക്രട്ടറിയുടെ മാനസപുത്രന്‍ എന്നാണ് അറിയപ്പെടുന്നത്. ഇയാള്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്ന് പേരില്‍ ഉദയഭാനുവിനെതിരേ മുന്‍പ് ലഘുലേഖയും പുറത്തു വന്നിരുന്നു.
സ്‌കിന്നര്‍ പുരത്തെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ക്കുന്നതാണ് ഈ പ്ലാന്റ്. കാലഹരണപ്പെട്ട ഈ പ്ലാന്റ് ജനവാസ കേന്ദ്രങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. സെക്കന്‍ഡ് ഹാന്‍ഡ് പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക. പ്ലാന്റിന് തടസം നിന്നാല്‍ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുമെന്ന് ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെ സംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഡ്രം മിക്‌സ് പ്ലാന്റിന് മലിനീകരണ തോത് കൂടുതലാണ്.സെക്കന്‍ഡ് ഹാന്‍ഡ് യന്ത്രമാകുന്നതോടെ അത് വീണ്ടും കൂടും. രണ്ടാമതൊരു പ്ലാന്റ് ഏനാദിമംഗലത്ത് വരുന്ന വിവരം നാട്ടുകാരില്‍ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. അനുമതി കിട്ടുന്നതു വരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനാണ് നീക്കം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എതിര്‍പ്പാണ് തിരിച്ചടിയായിരിക്കുന്നത്. ജനവാസ മേഖലയില്‍ ഡ്രം മിക്‌സ് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാന്‍ നിലവിലുള്ള ചട്ടപ്രകാരം ബോര്‍ഡിന് കഴിയില്ല. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കിപ്പിക്കാന്‍ വേണ്ടിയാണ് നേതാക്കള്‍ തിരുവനന്തപുരത്ത് കറങ്ങുന്നത്.