KONNIVARTHA.COM : സംസ്ഥാന കാർഷിക വികസന ബാങ്കിൻ്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. സഹകരണ രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ബോർഡ് അംഗങ്ങളായ മുൻ എം.എൽ.എ.ശിവദാസൻ നായരും മറ്റും സമർപ്പിച്ച ഹർജി ജസ്റ്റീസ് സതിശ് നൈനാൻ തള്ളി പൊതുയോഗം വിളിച്ച് ചേർത്തത് നിയമാനുസൃതമെന്ന് കോടതി വ്യക്തമാക്കി. പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ അധികാരമുണ്ട്. ഇക്കാര്യം ബാങ്കിൻ്റെ നിയമാവലിയിൽ വ്യക്തമാണന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
നേരത്തെ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ബജറ്റിനെതിരെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ബാങ്ക് പ്രസിഡൻറ് സോളമൻ അലക്സ് രാജി വച്ചിരുന്നു. തുടർന്ന് ഭൂരിപക്ഷം അംഗങ്ങൾ ആവശ്യം ഉന്നയിച്ചതിനെത്തുടർന്നാണ് രജിസ്ട്രാർ പി.ബി.നൂഹ് പ്രത്യേക പൊതുയോഗം വിളിച്ചു ചേർത്തത്. രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ശിവദാസൻ നായരും മറ്റും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.
പിന്നീട് അവിശ്വസ പ്രമേയം അവതരിപ്പിക്കാൻ ഇടക്കാല ഉത്തരവിൽ കോടതി അനുമതി നൽകി. പൊതുയോഗം യു.ഡി.എഫ് അനുകൂല ഭരണ സമിതിക്കെതിരായ അവിശ്വാസം പാസാക്കി.ഹർജിയിൽ അന്തിമവാദം കേട്ടാണ് കോടതി ഹർജി തള്ളിയത്.
സർക്കാരിനു വേണ്ടി സ്പെഷ്യൽ ഗവ പ്ലീഡർ പി.പി.താജുദീൻ ബാങ്കിനു വേണ്ടി അഡ്വ.എം.എ.അസിഫ് എന്നിവർ ഹാജരായി.