Trending Now

സില്‍വര്‍ ലൈന്‍: പത്തനംതിട്ടയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍

പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍;
കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ് മാത്രം

KONNIVARTHA.COM : സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ 22 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുക. പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരിലായിരിക്കും.

 

 

നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എംസി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയില്‍ സ്റ്റേഷന്‍ സമുച്ചയം സജ്ജമാക്കുക.ഇവിടെനിന്നും 22 മിനിറ്റില്‍ കൊല്ലത്തും, 46 മിനിറ്റില്‍ തിരുവനന്തപുരത്തും 39 മിനിറ്റില്‍ എറണാകുളത്തും 49 മിനിറ്റില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും എത്താനാകും. കോഴിക്കോടിന് 1.54 മണിക്കൂറും കാസര്‍കോടിന് 3.08 മണിക്കൂറും മതിയാകും.

 

 

കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നും  പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്രാ ക്രമീകരണവും ഉണ്ടാകും. ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഒരുക്കും.

 

വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് സംവിധാനമുണ്ടാകും.തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂര്‍, തിരൂര്‍,  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയാണ് സ്റ്റേഷനുകള്‍. ആകെ  529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തന വേഗത.

 

 

 

മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും വീണാ ജോര്‍ജും നേതൃത്വം നല്‍കും
ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ടയില്‍ 14ന്

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം- ജനസമക്ഷം സില്‍വര്‍ ലൈന്‍ ജനുവരി 14ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ നടക്കും. രാവിലെ 10.30ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. കെ. റെയില്‍ പ്രോജക്ട് ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ പി. ജയകുമാര്‍ സ്വാഗതവും കെ- റെയില്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജിബു ജേക്കബ് നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക് മന്ത്രിമാരും കെ-റെയില്‍ പ്രതിനിധികളും മറുപടി നല്‍കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

 

കെ-റെയില്‍ പദ്ധതി: വിശദാംശങ്ങള്‍ ഇങ്ങനെ

 

 

* സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അഥവാ കെ-റെയില്‍. പദ്ധതിയുടെ അലൈന്‍മെന്റ് പ്രകാരം സംസ്ഥാനത്തെ 11 ജില്ലകളിലൂടെയാണ് ഈ റെയില്‍ ലൈന്‍ കടന്നുപോകുക.
* 1435 എം.എം സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് പാത സജ്ജമാക്കുന്നത്. അഞ്ചു വര്‍ഷമാണ് നിര്‍മാണ കാലയളവ്. വയഡക്ട്-88.41 കിലോമീറ്റര്‍, പാലങ്ങള്‍-12.99 കിലോമീറ്റര്‍, തുരങ്കം-11.52 കിലോമീറ്റര്‍, കട്ട് ആന്‍ഡ് കവര്‍-24.78 കിലോമീറ്റര്‍, കട്ടിംഗ്-101.73 കിലോമീറ്റര്‍, മണ്‍തിട്ട (എംബാങ്ക്മെന്റ്)- 292.72 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പാതയുടെ ഘടന. ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ ട്രെയിന്‍ സെറ്റാണ് സര്‍വീസിനായി ഉപയോഗിക്കുക.

 

* നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
* പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ വായ്പാ തിരിച്ചടവു സാധ്യമാകും വിധമാണ് ഡിപിആര്‍. ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
* പുനരധിവാസത്തിനുള്‍പ്പെടെ 1,383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്.

 

* നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധാനാലയങ്ങളേയും പാടങ്ങളേയും കാവുകളേയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
* ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാന്‍ കഴിയുന്ന റോറോ (റോള്‍ ഓണ്‍ റോള്‍) സര്‍വീസും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്.
* കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 പേര്‍ സില്‍വര്‍ ലൈനിലേക്ക് മാറും. ഇതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
* പത്തനംതിട്ട ജില്ലയില്‍ ചരക്ക് ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഉണര്‍വിന് കെ-റെയില്‍ പദ്ധതി വഴിതെളിക്കും.

 

* പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്ന കെ-റെയില്‍ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം മാത്രമാകും ഉണ്ടാകുക.
* പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല.

 

* പദ്ധതിക്കായി നിര്‍മിക്കുന്ന മണ്‍തിട്ട അഥവ എംബാങ്ക്മെന്റ് മൂലം വെള്ളപ്പൊക്കത്തിന് സാധ്യതയില്ല. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കള്‍വര്‍ട്ടുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.