പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യത

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യത

KONNIVARTHA.COM : ഇനി വരും നാളുകളില്‍ കോവിഡ് രോഗവ്യാപനം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ഹോം ഐസോലേഷന്‍/ സ്വയം നിരീക്ഷണം കാര്യക്ഷമമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും കരുതലും ജാഗ്രതയും ആവശ്യമാണ്. കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും കോവിഡ് മുന്നണി പോരാളികളുടെ സേവനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
തിരുവല്ല, പത്തനംതിട്ട നഗരസഭ പ്രദേശത്താണ് കൂടുതല്‍ രോഗബാധിതരുള്ളത്.

പത്തനംതിട്ടയിലും തിരുവല്ലയിലും സിഎഫ്എല്‍റ്റിസി സജ്ജമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ് സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ദ്രുത കര്‍മ്മ സേനകളും(ആര്‍ആര്‍റ്റി) കോവിഡ് ജാഗ്രതാ സമിതികളും സജ്ജമാക്കുകയും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നാണ് നിലവിലെ പഠനങ്ങള്‍. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ആവശ്യമെങ്കില്‍ വിദ്യാലയങ്ങളില്‍ പോയി വാക്സിന്‍ നല്‍കുവാനും നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!