കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം
KONNIVARTHA.COM : കോന്നി ടൂറിസം ഗ്രാമം പദ്ധതിക്ക് ഡി.റ്റി.പി.സിയും ജില്ലാ ഭരണകൂടവും പൂർണ്ണ പിൻതുണ നല്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു. കരട് നിർദ്ദേശം മുൻനിർത്തിയുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ. പ്രകൃതി മനോഹാരിതയിൽ സമ്പന്നമായ കോന്നി സഞ്ചാരികൾക്ക് മനം കവരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ഈ കാഴ്ചകൾ തേടിയെത്തുന്നവർക്ക് പ്രകൃതി സൗഹൃദമായ സൗകര്യങ്ങൾ സൃഷ്ടിക്കുന്ന ടൂറിസം വികസനമാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി വിഭാവനം ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇതിനോടകം തന്നെ നാല് പ്രധാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയം മുൻനിർത്തി കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തിലും എം.എൽ.എ നേതൃത്വം നല്കി നടപ്പിലാക്കാൻ പോകുന്ന എല്ലാ പദ്ധതികൾക്കും പരമാവധി പിൻതുണ വാഗ്ദാനം ചെയ്യുന്നതായും കളക്ടർ പറഞ്ഞു.
കോന്നി ടൂറിസം ഗ്രാമം – മാസ്റ്റർ പ്ലാനിന് മുന്നോടിയായുള്ള കരട് നിർദ്ദേശങ്ങൾ ജനപ്രതിനിധികൾ മുമ്പാകെ സമർപ്പിച്ചു.
5000 തൊഴിലവസരം ലക്ഷ്യമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ.
KONNIVARTHA.COM :കോന്നി ടൂറിസം ഗ്രാമം പദ്ധതി അയ്യായിരം തൊഴിലവസരം സൃഷ്ടിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പറഞ്ഞു. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള കരട് നിർദ്ദേശങ്ങൾ ജനപ്രതിനിധികൾക്കു മുൻപിൽ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്തിൽ 2 കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിൻ്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റ് കൾ, ഡി.റ്റി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പിലാക്കുന്നത്.പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാകുന്നത്.
കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡി.റ്റി.പി.സിയാണ് നടപ്പിലാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പിലാക്കും.
മലയാലപ്പുഴയിൽ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും, പിൽഗ്രിം ടൂറിസം സർക്യൂട്ടും നടപ്പിലാക്കും.അരുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട്ടിൽ ക്രാഫ്റ്റ് വില്ലേജും, ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പിലാക്കും.ഏനാദിമംഗലത്ത് അഞ്ചുമല പാറ ടൂറിസം പദ്ധതിയും, വെൽനസ് സോൺ പദ്ധതിയും നടപ്പിലാക്കും.മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലും നിരവധി പദ്ധതി നിർദ്ദേശങ്ങളുണ്ട്.
ജില്ലാ കളക്ടർ,ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാർ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ മുൻപാകെയാണ് കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.നിർദ്ദേശങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
എം.എൽ.എയെ കൂടാതെ ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.തുളസീധരൻ പിള്ള, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, അജോമോൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ടി.വി.പുഷ്പവല്ലി ,രേഷ്മ മറിയം റോയ്, സുലേഖ.വി.നായർ, ഷീലാകുമാരി ചാങ്ങയിൽ, സജി കുളത്തുങ്കൽ, ജോബി.ടി.ഈശോ, ചന്ദ്രിക സുനിൽ, എൻ.നവനിത്ത്, ആർ.മോഹനൻ നായർ, ഏനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉദയ രശ്മി, ഡി.റ്റി.പി.സി ഡപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, ഡി.റ്റി.പി.സി സെക്രട്ടറി സതീഷ് മിറൻഡ,ഹോസ്പിറ്റാലിറ്റി കൺസൾട്ടൻ്റ് റയ്സൺ.വി.ജോർജ്ജ്, ബ്രാൻ്റിംഗ് ആൻ്റ് മാർക്കറ്റിംഗ് കൺസൾട്ടൻ്റുമാരായ രമേഷ് രങ്കനാഥ്, കിഷോർ, ബിയോജ്.എസ്.നായർ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.