പത്തനംതിട്ട ജില്ലയില്‍ പലഭാഗത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ, കമിഴ്ത്തി വെയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം എന്നിവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെളളം നീക്കം ചെയ്യണം.
വെളളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടി വയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തി കളഞ്ഞശേഷം ഉള്‍വശവും വക്കുഭാഗവും കഴുകി ഉണക്കി വീണ്ടും വെളളം നിറയ്ക്കുക. റബ്ബര്‍ പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുളള ചിരട്ട, കപ്പ് ഇവ ആവശ്യത്തിനു ശേഷം കമിഴ്ത്തി വെയ്ക്കുകയും, വെളളം കെട്ടി നില്‍ക്കുന്ന പാഴ് വസ്തുക്കള്‍ ഒഴിവാക്കുകയും വേണം.
സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുകുവല ചുറ്റുക. വീടിനുളളിലും പരിസരത്തും വെളളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.