മണ്ഡലകാലം അവസാനിക്കാനിരിക്കെ ദര്‍ശനത്തിന് തിരക്കേറുന്നു;ഒരുക്കങ്ങള്‍ വിലയിരുത്തി
ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയില്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്നത് സംബന്ധിച്ച ഒരുക്കങ്ങളും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. തങ്ക അങ്കി സന്നിധാനത്തെത്തുന്ന 25 ന് വൈകീട്ട് അയ്യപ്പന്‍മാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.
മണ്ഡലപൂജ കഴിഞ്ഞ് നടയടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും അയ്യപ്പനെ ദര്‍ശിച്ച് സംതൃപ്തിയോടെ മടങ്ങാന്‍ അവസരം ലഭിക്കുന്നുണ്ട്. 43000 ത്തിനടുത്ത് തീര്‍ഥാടകരാണ് ഇപ്പോള്‍ പ്രതിദിനം സന്നിധാനത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നുണ്ടെന്നും വിശുദ്ധസേന ഉള്‍പ്പെടെയുള്ളവരുടെ സേവനം മാതൃകാപരമാണെന്നും യോഗം വിലയിരുത്തി.
തീര്‍ഥാതകരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ആനയിറങ്ങുന്നത് തടയാന്‍ പൊലീസിന്റെയും വനം വകുപ്പിന്റെയും സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയും പകലും വനം വകുപ്പ് പട്രോളിങ് നടത്തുന്നുണ്ട്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് കൃത്യമായ പരിശോധന നടത്തുന്നുണ്ട്. കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. പമ്പയില്‍ ഇളനീരിന് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. 35 രൂപയാണ് ഇളനീരിന്റെ പരമാവധി വില. വില പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സന്നിധാനത്ത് ചുമതലയിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന (ഡിസം. 25);
മണ്ഡലപൂജ ഡിസംബര്‍ 26 ന്
മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ (ഡിസം. 25ന്) ഉച്ചക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് 5 മണിയോടെ ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും.
ശബരിമല ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും.
ഡിസംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് തിരുനട അടയ്ക്കും. വൈകുന്നേരം നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉല്‍സവ തീര്‍ത്ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. അപ്പോഴേക്കും കാനനപാത കൂടി തീര്‍ഥാടനത്തിനായി സജ്ജമാകും.