Trending Now

കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു

കരിമല വഴിയുള്ള കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു

കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് (ഡിസം. 22) കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ന് (ഡിസം.22) 11ന് പമ്പയില്‍ നടക്കുന്ന അവലോകനയോഗത്തിന് ശേഷമായിരിക്കും പരിശോധന.

18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് വര്‍ഷമായി ജനസഞ്ചാരമില്ലാത്തതിനാല്‍ പാത സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ചിലയിടത്ത് മരങ്ങള്‍ വീണ് മാര്‍ഗ തടസ്സമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റുകയും അടിക്കാട് നീക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാകും കാനനപാത തെളിക്കുക. പാതയില്‍ തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകള്‍, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. കാര്‍ഡിയാക് സെന്ററുകളും അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനമൊരുക്കും.

പാത തുറക്കുമ്പോഴും തീര്‍ഥാടകര്‍ സമയക്രമീകരണം പാലിക്കണം. രാത്രി വൈകി വനഭൂമിയിലൂടെ യാത്ര ചെയ്യും വിധത്തില്‍ തീര്‍ഥാടകരെ കടത്തിവിടില്ല. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും.

ജീവനക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ ദേവസ്വം മെസ്സ് സജീവം

രാവിലെ ഏഴ് മണി മുതല്‍ ദേവസ്വം മെസ്സില്‍ പ്രാതല്‍ തയ്യാറായിരിക്കും. ഉച്ചയൂണും അത്താഴവും കഴിഞ്ഞ് രാത്രി 9.30 ന് അടയ്ക്കുന്നതുവരെ മെസ്സ് സജീവം. ശബരിമലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എക്കാലവും ആശ്വാസമാണ് ഈ മെസ്സ്.
പൊലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 2000 ല്‍ പരം ജീവനക്കാരാണ് ഭക്ഷണത്തിനായി ദേവസ്വം മെസ്സിനെ ആശ്രയിക്കുന്നത്. പ്രാതലിന് ഇഢലിയും ദോശയും ഉപ്പുമാവും മാറിമാറി നല്‍കും. കടലയോ ഗ്രീന്‍ പീസോ ആയിരിക്കും കറി. ഉച്ചയ്ക്ക് പുഴുക്കലരി ചോറും സാമ്പാറും. ചിലപ്പോള്‍ അത് പുളിശ്ശേരിയും രസവുമാകും. വൈകുേരം നാലിന് ചായയും ചെറുകടിയും. അമ്പതോളം പാചകക്കാരാണ് ജീവനക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി മെസ്സില്‍ പണിയെടുക്കുത്. അത്രയും പേര്‍ വിളമ്പാനുമുണ്ട്. പ്രധാന ഊട്ടുപുരയ്ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അതത് ഓഫീസ് പരിസരത്തും ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.
വടുതല സ്വദേശിയായ ഗോപിനാഥന്‍പിള്ളയാണ് ഇവിടുത്തെ പ്രധാന പാചകക്കാരന്‍. അദ്ദേഹം പുതുക്കക്കാരനല്ല. ശബരീശ സിധിയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയമുണ്ട്. പൂര്‍ണ തൃപ്തിയോടെയാണ് ആ പ്രവൃത്തി നിര്‍വഹിക്കുന്നത്. ഫുഡ് ആന്റ് സേഫ്റ്റി നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മെസ്സിന്റെ പ്രവര്‍ത്തനം. പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലോ വൃത്തിയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് മെസ്സിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. ഷിബു പറഞ്ഞു.

തങ്ക അങ്കി ഘോഷയാത്ര (ഡിസംബര്‍ 22) ആറന്മുളയില്‍ നിന്നും പുറപ്പെടും;
തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന്, മണ്ഡല പൂജ 26ന്

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര (ഡിസംബര്‍ 22) രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.

 

(22) രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൂര്‍ത്തിട്ട ഗണപതി ക്ഷേതം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ ക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8, നെടുപ്രയാര്‍ തേവരശേരി ദേവി ക്ഷേത്രം 8.30, നെടുപ്രയാര്‍ ജംഗ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10.
തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍ 10.15, കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ശ്രീഭഗവതി കുന്ന് ദേവി ക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതി ക്ഷേത്രം 11.30, ഇലന്തൂര്‍ കോളനി ജംഗ്ഷന്‍ 11.45, ഇലന്തൂര്‍ നാരായണ മംഗലം ഉച്ചയ്ക്ക് 12.30.
അയത്തില്‍ മലനട ജംഗ്ഷന്‍ ഉച്ചകഴിഞ്ഞ് 2, അയത്തില്‍ കുടുംബയോഗ മന്ദിരം 2.30, അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം 2.50, ഇലവുംതിട്ട ദേവി ക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം വൈകുന്നേരം 4.30, കൈതവന ദേവി ക്ഷേത്രം വൈകുന്നേരം 5.30.
പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം വൈകിട്ട് 6, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജംഗ്ഷന്‍ രാത്രി 7, ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം രാത്രി 8.

23ന് രാവിലെ 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 9, അഴൂര്‍ ജംഗ്ഷന്‍ 10, പത്തനംതിട്ട ഊരമ്മന്‍ കോവില്‍ 10.45, പത്തനംതിട്ട ശാസ്താ ക്ഷേത്രം 11, കരിമ്പനയ്ക്കല്‍ ദേവി ക്ഷേത്രം 11.30, ശാരദാ മഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം ഉച്ചയ്ക്ക് 12, കടമ്മനിട്ട ഭഗവതി ക്ഷേത്രം ഉച്ചയ്ക്ക് 1.
കടമ്മനിട്ട ഋഷികേശ ക്ഷേത്രം ഉച്ച കഴിഞ്ഞ് 2.15, കോട്ടപ്പാറ കല്ലേലി മുക്ക് 2.30, പേഴുംകാട് എസ്എന്‍ഡിപി മന്ദിരം 2.45, മേക്കൊഴൂര്‍ ക്ഷേത്രം 3.15, മൈലപ്ര ഭഗവതി ക്ഷേത്രം 3.45, കുമ്പഴ ജംഗ്ഷന്‍ വൈകുന്നേരം 4.15, പാലമറ്റൂര്‍ അമ്പലമുക്ക് 4.30, പുളിമുക്ക് 4.45, വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി 5.30.
ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം വൈകിട്ട് 6.15, ചിറ്റൂര്‍മുക്ക് രാത്രി 7.15, കോന്നി ടൗണ്‍ രാത്രി 7.45, കോന്നി ചിറയ്ക്കല്‍ ക്ഷേത്രം രാത്രി 8, കോന്നി മുരിങ്ങമംഗലം ക്ഷേത്രം രാത്രി
8.30.

24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും രാവിലെ 7.30ന് അന്നേദിവസത്തെ യാത്ര ആരംഭിക്കും. ചിറ്റൂര്‍ മഹാദേവ ക്ഷേത്രം രാവിലെ 8, അട്ടച്ചാക്കല്‍ 8.30, വെട്ടൂര്‍ ക്ഷേത്രം 9, മൈലാടുംപാറ 10.30, കോട്ടമുക്ക് 11, മലയാലപ്പുഴ ക്ഷേത്രം ഉച്ചയ്ക്ക് 12, മലയാലപ്പുഴ താഴം ഉച്ചയ്ക്ക് 1, മണ്ണാറക്കുളഞ്ഞി ക്ഷേത്രം ഉച്ചയ്ക്ക് 1.15.
റാന്നി രാമപുരം ക്ഷേത്രം ഉച്ചകഴിഞ്ഞ് 3.30, ഇടക്കുളം ശാസ്താ ക്ഷേത്രം വൈകുന്നേരം 5.30, വടശേരിക്കര ചെറുകാവ് 6.30, വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം രാത്രി 7, മാടമണ്‍ ക്ഷേത്രം രാത്രി 7.45, പെരുനാട് ശാസ്താ ക്ഷേത്രം രാത്രി 8.30.
25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ളാഹ സത്രം 9, പ്ലാപ്പള്ളി 10, നിലയ്ക്കല്‍ ക്ഷേത്രം 11, ചാലക്കയം ഉച്ചയ്ക്ക് 1, 1.30ന് പമ്പയില്‍ എത്തിച്ചേരും.

പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ.

 

ശബരിമലയിലെ നാളത്തെ (22.12.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
7.45 മുതല്‍ 9 മണിവരെ ഉദയാസ്തമയ പൂജ
9 മുതല്‍ 11 മണി വരെ നെയ്യഭിഷേകം തുടരും
11.30 ന്  കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
6.45 ന്…..പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
9.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.
കര്‍പ്പൂരാഴി ഘോഷയാത്ര 23 നും 24നും ശബരിമല സന്നിധാനത്ത്;
തങ്ക അങ്കി ഘോഷയാത്ര 22ന് ആറന്‍മുളയില്‍ നിന്ന് ആരംഭിക്കും
മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി  ശബരിമല സന്നിധാനത്ത്  കര്‍പ്പൂരാഴി ഘോഷയാത്ര 23.12.2021 നും 24. 12.2021 നുമായി നടക്കും.23 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും. 24 ന് സംസ്ഥാന പൊലീസ് ജീവനക്കാരുമാണ് അയ്യപ്പസ്വാമിയ്ക്കായി കര്‍പ്പൂരാഴി ഒരുക്കുന്നത്. ശബരിമലയില്‍ ഡൂട്ടിയിലുള്ള ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. എല്ലാവര്‍ഷവും മണ്ഡലപൂജക്ക് മുന്‍പായാണ് കര്‍പ്പൂരാഴി നടത്തുക. വാദ്യഘോഷങ്ങളും വേഷവിതാനങ്ങളും ഘോഷയാത്രയില്‍ മാറ്റുകൂട്ടും ഘോഷയാത്രയ്ക്ക് ശേഷം സന്നിധാനത്തെ പ്രധാന സ്റ്റേജില്‍ വിവിധ മേളങ്ങളുടെ കലാപ്രകടനവും ഉണ്ടാകും. 24 ന് ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി  എസ്.ശ്രീജിത്ത് നയിക്കുന്ന പൊലീസ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേളയും നടക്കും.

error: Content is protected !!