മുംബൈയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കടുക്കുന്ന ചടങ്ങിന് മുന്‍കൂര്‍ അനുമതി ആവശ്യമെന്ന് അധികൃതര്‍. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. സര്‍ക്കുലര്‍ പ്രകാരം ആളുകള്‍ കൂടുന്ന ഇത്തരം ഇടങ്ങളില്‍ ഏത് പരിപാടി നടത്താനും പൊലീസിന്റെ അനുമതി വേണം.
ചടങ്ങുകളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നതും ഉറപ്പാക്കണം. അടച്ചിട്ട (ഇന്‍ഡോര്‍) ഹാളുകളില്‍ ആണെങ്കില്‍ ആകെ ശേഷിയുടെ 50 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ. അതേസമയം ഓപ്പണ്‍ ടു സ്‌കൈ വേദികള്‍ മൊത്തം ശേഷിയുടെ 25 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.
രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 200ലെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ കേസുകള്‍. തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍ , കേരളം, ഗുജറാത്ത് എന്നിവയാണ് ഒമിക്രോണ്‍ ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍.