പോപ്പുലര്‍ ഫിനാന്‍സ് : പത്തനംതിട്ട ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിന് എതിരെ നിക്ഷേപക കൂട്ടായ്മ
കോന്നി വാര്‍ത്ത ഡോട്ട് കോം :(KONNIVARTHA.COM ) കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തയാറാകണം എന്ന് നിക്ഷേപക കൂട്ടായ്മയുടെ സംഘടനാ പ്രസിഡന്‍റ് സി എസ് നായര്‍ ആവശ്യപ്പെട്ടു .
നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ഉള്ള അതാതു തഹസില്‍ദാരുടെ ഓഫീസില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ അറിയിക്കണം എന്നാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ് . മറ്റു എല്ലാ ജില്ലയിലും കലക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പ് ഡസ്ക് മുഖേനയാണ് നിക്ഷേപകരുടെ വിവരം നിക്ഷേപക കൂട്ടായ്മയിലൂടെ ശേഖരിച്ചത് .
പത്തനംതിട്ട ജില്ലാ കളക്ടറുമായി നിക്ഷേപക കൂട്ടായ്മ സംഘടന ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ചയിലും സംസാരിച്ചിരുന്നു . പത്തനംതിട്ട കളക്ടര്‍ ഓഫീസില്‍ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വേണ്ടി ഒരു ഹെല്‍പ്പ് ഡസ്ക് രൂപീകരിക്കുകയും അതിലൂടെ നിക്ഷേപകരുടെ നിക്ഷേപക തുക സംബന്ധിച്ച രേഖകള്‍ സ്വീകരിക്കണം എന്നുമാണ് സംഘടനാ ഭാരവാഹികള്‍ ആവശ്യപെട്ടത് . എന്നാല്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ നിലയില്‍ നടപടി സ്വീകരിക്കാതെ ഡിസംബര്‍ 22, 23, 24 തീയതികളില്‍ തഹസില്‍ദാരുടെ ഓഫീസില്‍ ഉള്ള മാതൃകയില്‍ അപക്ഷ നല്‍കണം എന്നാണ് ജില്ലാ കളക്ടര്‍ ഇന്നലെ ഉത്തരവ് ഇറക്കിയത് . തഹസില്‍ദാരുടെ ഓഫീസില്‍ ഉള്ള അപേക്ഷയില്‍ പൂര്‍ണ്ണ വിവരം ഇല്ലെന്നും നിക്ഷേപക കൂട്ടായ്മ കൂടി ആലോചിച്ചു രൂപീകരിച്ച അപേക്ഷയില്‍ എല്ലാ വിവരവും ഉണ്ടെന്നും ആ അപേക്ഷ ജില്ലാ കളക്ടറുടെ ഓഫീസില്‍ സ്വീകരിക്കണം എന്നും ആണ് നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെടുന്നത് .
നിക്ഷേപകരില്‍ പലരും വാര്‍ധക്യ സഹജമായ അസുഖം മൂലം കിടപ്പിലാണ് . മറ്റു ചിലര്‍ വിദേശത്ത് ജോലിയ്ക്ക് പോയി . മാനസികമായി ആകെ തകര്‍ന്നു നില്‍ക്കുന്ന നിക്ഷേപകര്‍ വീണ്ടും തഹസില്‍ദാരുടെ ഓഫീസില്‍ എത്തി പുതിയ അപേക്ഷ നല്‍കണം എന്നുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍ വലിക്കണം എന്ന് നിക്ഷേപക സംഘടന ആവശ്യം ഉന്നയിച്ചു .
നിക്ഷേപകര്‍ക്ക് അനുകൂലമായി ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചില്ല എങ്കില്‍ ജില്ലാ കളക്ടരുടെ ഓഫീസ് ഉപരോധിക്കുന്ന നിലയില്‍ ഉള്ള സമര പരിപാടികള്‍ സംഘടിപ്പിക്കും എന്നും സംഘടനാ പ്രസിഡന്‍റ് സി എസ് നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് പറഞ്ഞു .
സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ ബാന്നിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിലേക്ക് നിയുക്ത കോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരില്‍ നിന്നും ജില്ലാ ഭരണകേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു എന്നുള്ള ഉത്തരവ് ഇന്നലെ ജില്ലാ കളക്ടര്‍ ഇറക്കി . ഇത് നിക്ഷേപകരില്‍ ആശയകുഴപ്പം സൃഷ്ടിച്ചു .
നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കാം എന്നും തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാതൃകയില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് ഇറക്കി . ഈ ഉത്തരവ് നിക്ഷേപകര്‍ക്ക് അനുകൂലം അല്ല എന്നാണ് സംഘടനാ പ്രസിഡന്‍റ് സി എസ് നായര്‍ പറയുന്നത് .