സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു

പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ പ്രത്യേക
ശ്രദ്ധ നല്‍കുന്നു: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

സമൂഹത്തിലെ പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും, 2.48 കോടി രൂപ മുടക്കി റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും മുന്‍നിരയിലെത്തിക്കാന്‍ വിവിധ കര്‍മ്മ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.

 

 

സീതത്തോട്ടില്‍ ഷോപ്പിംഗ് കോംപ്ലക്സ് കുറഞ്ഞത് അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുള്ള വീക്ഷണത്തോടെയാണ് നിര്‍മിക്കുന്നതെന്ന്് അറിയുന്നതില്‍ സന്തോഷമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷ നവ കേരളം എന്ന പരിപാടി കുടുംബ ശ്രീയുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. സ്ത്രീ സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കും വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കുന്ന പ്രവര്‍ത്തനം നടത്തിവരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി വിഹിതത്തില്‍ കേരളത്തിന് അര്‍ഹമായ തുക നല്‍കാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യത്തില്‍ പിന്നാക്കം പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവരെ പൂര്‍ണതോതില്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. നവ കേരളം സൃഷ്ടിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നിര്‍മിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു.

 

 

സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അവശ്യംവേണ്ട എല്ലാ കരുതലും നല്‍കിവരുന്നു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് ഊര്‍ജിതമായി ഇടപെട്ടു. അര്‍ഹരായ വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും. വാതില്‍പ്പടി സേവനം എന്നത് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൂടുതല്‍ മുതല്‍ക്കൂട്ടാകും. സമൂഹത്തിലെ അതി ദരിദ്രരെ കണ്ടെത്തി സമൂഹത്തിന്റെ പൊതു ധാരയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെല്‍ നടത്തിവരുന്നു. വികസന പ്രവര്‍ത്തനത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
സീതത്തോട് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷവഹിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും കോട്ടമണ്‍പാറ-പണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണം നാടിന് അഭിമാനിക്കാവുന്ന പദ്ധതിയാണെന്ന് എംഎല്‍എ പറഞ്ഞു.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി, തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ പി.എം മനോജ്, ശ്രീലതാ അനില്‍, വസന്ത ആനന്ദന്‍, രാധാ ശശി, ഗംഗമ്മ മുനിയാണ്ടി, റോസമ്മ കുഞ്ഞുമോള്‍, സുനി ഏബ്രഹാം, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ്, സതി കുരുവിള, പി.ആര്‍. പ്രമോദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സ്മാര്‍ട്ട് സീതത്തോട് എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കം കൂടിയാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം. അമ്പതു വര്‍ഷത്തില്‍ അധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയത് നിര്‍മിക്കുന്നത്.
നാലു നിലയിലായി നിര്‍മിക്കുന്ന കോംപ്ലക്‌സില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാവും.

 

ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഫെയ്‌സ് വണ്‍ നിര്‍മാണത്തിന് ഈ വര്‍ഷം 80 ലക്ഷം രൂപ വിനിയോഗിക്കും. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ആണ് കെട്ടിടം നിര്‍മിക്കുന്നത്. സ്മാര്‍ട്ട് സീതത്തോടിന്റെ ഭാഗമായി സീതത്തോട് ജംഗ്ഷനില്‍ തന്നെ വയോജന പാര്‍ക്കും ഈ വര്‍ഷം നിര്‍മിക്കും.  മത്സ്യ-മാംസ സ്റ്റാളുകളും, ടൂറിസം കേന്ദ്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും ശബരിമല ഇടത്താവളവും സ്മാര്‍ട്ട് സീതത്തോടിന്റെ ഭാഗമാണ്. പ്രളയത്തില്‍ തകര്‍ന്ന നൂറു കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്.