ഇരട്ട കൊലപാതകങ്ങൾ; ആലപ്പുഴയിൽ ഇന്നും നാളെയും നിരോധനാജ്ഞ

 

ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് എസ് ഡി പി ഐ ആരോപിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് കെ.എസ് ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം അക്രമിസംഘം വെട്ടുകയായിരുന്നു. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.

ആലപ്പുഴ ഇരട്ടകൊലപാതകം : 50 പേർ കസ്റ്റഡിയിലെന്ന് ഹർഷിത അട്ടല്ലൂരി

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലെന്ന് ഐജി ഹർഷിത അട്ടല്ലൂരി. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു.

ഇനി അക്രമം ഉണ്ടായാൽ കർശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നതെന്നും ഹർഷിത അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും ഐജി പറഞ്ഞു.

ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു.

വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.ആലപ്പുഴ ഇരട്ട കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.