ഒമിക്രോണ്‍ : പത്തനംതിട്ട ജില്ലയിലും കര്‍ശന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

 

സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വറന്റൈനിലും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലും തുടരണം.

അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം. വിദേശത്തുനിന്നെത്തുന്നവര്‍ സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുളള സ്ഥലങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍ ഇവ സന്ദര്‍ശിക്കുന്നതും, കല്യാണം, മരണം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം

. ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനോടൊപ്പം അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുളളൂ. യുകെ ഉള്‍പ്പെടെയുളള യൂറോപ്യന്‍ രാജ്യങ്ങളും, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വേ, ടാന്‍സാനിയ, ഹോങ്കോങ്, ഇസ്രയേല്‍ തുടങ്ങിയ 11 രാജ്യങ്ങളും ഹൈറിസ്‌ക് രാജ്യങ്ങളാണ്. ജില്ലയില്‍ 424 പേരാണ് ഡിസംബര്‍ ഒന്നു മുതല്‍ 16 വരെ ഇത്തരം രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുളളത്. ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ഡിഎംഒ അറിയിച്ചു.