konnivartha.com : ഓമല്ലൂര്‍ വില്ലേജ് ഓഫീസറായ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കേസില്‍ വിജിലിന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വാഴമുട്ടം സ്വദേശി ശിവപ്രസാദിന്റെ പരാതിയില്‍ പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലാണ് സന്തോഷ് കുമാറിനെ പിടികൂടിയത്.
അമ്മയുടെ പേരിലുളള വസ്തു ശിവപ്രസാദിന്റെ പേരിലേക്ക് മാറ്റിയപ്പോള്‍ പോക്കു വരവ് ചെയ്യുന്നതിന് വേണ്ടി വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. 5000 രൂപ നല്‍കിയാല്‍ പോക്കുവരവ് നടത്താമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ മറുപടി. വിലപേശലിനൊടുവില്‍ 3000 രൂപയ്ക്ക് സമ്മതിച്ചു. ശിവപ്രസാദ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. അവര്‍ നല്‍കിയ മാര്‍ക്ക് ചെയ്ത നോട്ടുകള്‍ നല്‍കുന്നതിനിടെ മറഞ്ഞു നിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറെ കൈയോടെ പൊക്കുകയായിരുന്നു.
വില്ലേജ് ഓഫീസറുടെ കിടങ്ങന്നൂര്‍ കോട്ട സൗപര്‍ണ്ണികയില്‍ വീട്ടിലും റെയ്ഡ് നടന്നു. വില്ലേജ് ഓഫീസര്‍ക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു. എന്നാല്‍ ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ല. ആറ് മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു സന്തോഷ് കുമാര്‍.