KONNIVARTHA.COM : ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗെയിമര്‍’ എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ ‘ഗെയിമര്‍’ പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു.
പതിവു ശൈലികളില്‍ നിന്ന് വേറിട്ട്, കോണ്‍ഫ്‌ലിക്ട് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഗെയിമര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ലൈറ്റിങ്ങിലും എഡിറ്റിങ്ങിലും പുതിയ പരീക്ഷണങ്ങള്‍ നടത്തിയെന്നതും ഗെയിമറിന്റെ സവിശേഷതയാണ്.
‘പഠനത്തിന്റെ ഭാഗമായാണ് ‘ഗെയിമര്‍’ നിര്‍മ്മിച്ചത്. ഡോക്ക്യുമെന്ററിയുടെ ഭാഷയില്‍ പുതുമയുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നുമാണ് എഡിറ്റിങ്ങിലും വിഷയത്തിന്റെ അവതരണത്തിലും പരീക്ഷണം നടത്താനുള്ള ആര്‍ജ്ജവമുണ്ടായത്. എഡിറ്റിങ്ങ് നിര്‍ണായകമായതിനാല്‍, പിജി കാലത്ത് സീനിയറായിരുന്ന അമല്‍ദേവിനെ തന്നെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
‘ ഗെയിമറിന്റെ സംവിധായകനായ അഖില്‍ വിജയന്‍ പറഞ്ഞു. വിഷ്ണു ആറുമായി ചേര്‍ന്ന് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വച്ചിരിക്കുന്നത് അദ്ദേഹമാണ്. ഐഡിഎസ്എഫ്എഫ്‌കെ പോലൊരു വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചതിലെ സന്തോഷവും അദ്ദഹം പങ്കുവെച്ചു.
പൂര്‍ണ്ണമായും ചിട്ടപ്പെടുത്തിയ ഒരു തിരക്കഥയോ, പതിവ് ഡോക്ക്യൂമെന്ററി ശൈലിയിലുള്ള ആഖ്യാതാവിന്റെയോ ഇടപെടലില്ലാതെ, കഥാപാത്രങ്ങള്‍ തന്നെ പരസ്പരം ഗെയിമിങ്ങിന്റെ വിവിധ തലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിയിലാണ് ഗെയിമര്‍ ഒരുക്കിയിരിക്കുന്നത്. ലൈറ്റിങ്ങിന്റെയും എഡിറ്റിങ്ങിന്റെയും സഹായത്തോടെ, ഫിക്ഷന്‍ കൂടി ഉള്‍പ്പെടുത്തി, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഡോക്ക്യുമെന്ററിയുടെ ആഖ്യാനം. തിരക്കഥ സംയോജനം: സലിന്‍ രാജ് പി ആര്‍, ആശയം: കിരണ്‍ എസ് കുറുപ്പ്, സബ് ടൈറ്റില്‍സ്: പാര്‍വ്വതി എസ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്: രാകേന്ദു എസ് ആര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഇരുപ്പത്തിനാലു കാരനായ അഖില്‍ വിജയന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഗെയിമര്‍. ദി ഡെയ്, ദി ഡിസ്റ്റന്‍സ് എന്നീ ഹൃസ്വ ചിത്രങ്ങളാണ് അഖില്‍ നേരത്തെ സംവിധാനം ചെയ്തിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് തിരക്കഥയെഴുതി ചിത്രീകരിച്ച, ഡി ഡെയ് എന്ന ചിത്രത്തിന് ട്രാവന്‍കോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ലോക്കഡൗണ്‍ ചിത്രത്തിനുള്ള പുരസ്‌കാരവും, ധാക്ക രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. കൂടാതെ അഖിലിന്റെ ആദ്യ ചിത്രമായ ദി ഡിസ്റ്റന്‍സിന്്, പബ്ലിക്ക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ ദേശീയ ചലച്ചിത്ര മത്സരത്തില്‍ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഇരു ചിത്രങ്ങളും പൂര്‍ണ്ണമായും സ്മാര്‍ട്ട് ഫോണിലാണ് നിര്‍മ്മിച്ചത്.