Trending Now

റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും

ആശയങ്ങള്‍ ചിറകു വിരിച്ച് റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക്ഷോപ്പ്
പുതിയ ചരിത്രത്തെ സൃഷ്ടിക്കാനുള്ള മൂര്‍ച്ചയേറിയ
ആയുധമാണ് അറിവ്: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

പുതിയ ലോകത്തെ നിര്‍മിക്കാനും പുതിയ ചരിത്രത്തെ സൃഷ്ടിക്കാനും നമുക്കാകുമെന്നും അതിനുള്ള മൂര്‍ച്ചയേറിയ ആയുധമാണ് അറിവെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. റാന്നി എംഎല്‍എ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കോളജ് തലത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് വര്‍ക്ക്ഷോപ്പ്  റാന്നി സെന്റ് തോമസ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ക്യാമ്പസുകളും നോളജ് വില്ലേജും പുസ്തകങ്ങളും ഇല്ലായിരുന്നിട്ടും നമ്മുടെ മഹാന്മാര്‍ സ്വയം പാഠപുസ്തകങ്ങളായി മാറി പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിച്ചവരാണ്. വര്‍ത്തമാന കാലത്തെ കുറിച്ച് ചിന്തിക്കാതെ ഭാവിയെ കുറിച്ചാണവര്‍ ചിന്തിച്ചിരുന്നത്. വര്‍ത്തമാന കാലത്തെ കുറിച്ച് മാത്രം ചിന്തിക്കാതെ നാളകളെ കുറിച്ച് കൂടി ചിന്തിക്കണം.

 

തെരഞ്ഞെടുപ്പ് പ്രചാരണ കാലം മുതല്‍ മനസില്‍ ഉണ്ടായിരുന്ന പുതിയ ആശയമായിരുന്നു നോളജ് വില്ലേജ്. ലോകം മാറിയത് മുഴുവന്‍ അറിവിലൂടെയാണ്. ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ വ്യത്യസ്തമായി ചിന്തിച്ച കുറേയാളുകളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. അവ പാഠപുസ്തകങ്ങളിലും അധ്യാപകരുടെ മൊഴികളിലും നിറഞ്ഞ് നില്‍ക്കുന്നവയാണ്. വര്‍ത്തമാന കാലത്തും നാളകളെ കുറിച്ച് ചിന്തിക്കുന്നവരായി നമുക്ക് മാറണം. തൊഴില്‍ അന്വേഷിക്കുന്നത്, ജോലി ലഭ്യമാക്കുന്നതും അത്യാവശ്യമാണ്. അതിനുമപ്പുറം പുതിയ ചരിത്രത്തെ സൃഷ്ടിക്കാന്‍ നമുക്കാകണം. നോളജ് എക്കണോമിയിലേക്ക് കേരളം മാറിച്ചിന്തിക്കുകയാണ്. അതിന്റെ ആദ്യത്തെ കാല്‍വയ്പ്പ്, ഭദ്രമായ ചുവടുകള്‍ റാന്നിയില്‍ നിന്നാകണം.

 

റാന്നിയിലെ നോളജ് വില്ലേജ് ആരംഭിക്കുന്നത് അംഗന്‍വാടികളില്‍ നിന്നുമാണ്. സ്‌കൂളുകളിലേക്ക് എത്തുമ്പോള്‍ കുട്ടികളുടെ അഭിരുചികള്‍ സ്വയം തിരിച്ചറിയാന്‍ കഴിയണം. അവരവരെ കാണാന്‍ കഴിയുന്ന, അഭിരുചികളെ തിരിച്ചറിയാന്‍ കഴിയുന്ന ദര്‍പ്പണങ്ങള്‍ ആകാന്‍ ഓരോരുത്തര്‍ക്കും കഴിയണം. മനസിനെ ജ്വലിപ്പിക്കാന്‍ കഴിയണം. ഇതിന്റെ ഭാഗമായി മീറ്റ് ദ മാസ്റ്റേഴ്‌സ് പരിപാടി ജില്ലാ കളക്ടറുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. ക്യാമ്പസുകളില്‍ നോളജ് ആക്ടിവിസം സൃഷ്ടിക്കാന്‍ കഴിയണം. സ്വയം ആവിഷ്‌കരിക്കാനുള്ള വിദ്യാര്‍ഥികളുടെ ചോതനയില്‍ നോളജ് ആക്ടിവിസത്തെ സൃഷ്ടിക്കാന്‍ റാന്നിയിലെ ക്യാമ്പസുകളില്‍ കഴിയും. അതിന് ക്യാമ്പസുകള്‍ തമ്മില്‍ ബന്ധമുണ്ടാകണം. മണ്ഡലത്തിലെ എട്ട് കോളജുകള്‍ തമ്മിലുള്ള ബന്ധം കൂടി നോളജ് വില്ലേജില്‍ നെയ്‌തെടുക്കുകയാണ്. റാന്നിയിലെ പ്രളയം, സ്ത്രീ സൗഹൃദ മണ്ഡലം, ടൂറിസം സാധ്യത, ഓര്‍ഗാനിക് ഫാമിംഗ്, അഗ്രോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കഴിയും.

 

അറിവിനെ സംരംഭകത്വത്തിലേക്ക് എത്തിക്കാന്‍ സാധിക്കണം. ഭാവിയുടെ മനുഷ്യരായി ചിന്തിക്കാന്‍ കഴിയണം. കുട്ടികളുടെ ഹാപ്പിനസ് ഇന്‍ഡക്‌സിനേപ്പറ്റി ചിന്തിക്കണം.  വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അവരുടെ ആശയങ്ങളെ കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജിജ്ഞാസ ഉടലെടുത്താല്‍ മാത്രമാണ് പുതിയ ആശയങ്ങള്‍ ഉരുത്തിരിയുകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജിജ്ഞാസ ഇല്ലാതാക്കുന്ന പ്രവണതകള്‍ കുട്ടികളുടെ ചെറുപ്പം മുതലേ വീടുകളിലും സമൂഹത്തിലും ഉണ്ടാകാറുണ്ട്. അവ അറിവുകളെ കണ്ടെത്താനുള്ള അവസരത്തെ ഇല്ലാതാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

റാന്നി മണ്ഡലത്തിലെ എട്ടു കോളജുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപെട്ട അധ്യാപകരും വിദ്യാര്‍ഥികളും വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു. റാന്നി മണ്ഡലത്തിലെ കോളജുകള്‍ക്ക് രാജ്യത്തെ വിവിധ വൈജ്ഞാനിക സ്ഥാപനങ്ങളുമായി ബന്ധം രൂപപെടുത്തുന്നതിനും അക്കാദമിക് വില്ലേജ് ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികളുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള സ്‌കില്‍ അപ്ഗ്രഡേഷന്‍, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അറിവ് ഉത്പാദനം ലക്ഷ്യമിടുന്ന റിസര്‍ച്ച് ഡെവലപ്മെന്റ് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചുള്ള ആശയ രൂപീകരണമാണ് വര്‍ക്ക് ഷോപ്പില്‍ നടത്തിയത്. വിവിധ അധ്യാപകര്‍ക്കും വിദഗ്ധര്‍ക്കും ഒപ്പം വിദ്യാര്‍ഥികളും പങ്കാളികളായി എന്നതായിരുന്നു അക്കാദമിക് വര്‍ക്ക്ഷോപ്പിന്റെ പ്രത്യേകത.
കോളജ് പ്രിന്‍സിപ്പല്‍ ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. റോണി ജെയിന്‍, ഐഎച്ച്ആര്‍ഡി കോളജ് പ്രിസിപ്പല്‍ സന്തോഷ് കെ. ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, നോളജ് വില്ലജ് കോ-ഓര്‍ഡിനേറ്റര്‍ സാബു, സെന്റ് തോമസ് കോളജ് മാനേജര്‍ സന്തോഷ് കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.

ഡിസംബര്‍ 20ന് നടക്കുന്ന സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ആശയ രൂപീകരണത്തിനുള്ള അക്കാദമിക് അസംബ്ലിയുടെ ഉദ്ഘാടനം കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് റാന്നിയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യഭ്യാസ മേഖലയില്‍ നിന്നുള്ള വിദഗ്ധരും റാന്നിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും.

റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

വിദ്യാര്‍ഥികളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

 

സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കുക വഴി  റാന്നിയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നതിനും വിദ്യാര്‍ഥികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിനും അവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും  സാധിക്കും.

 

ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങളും തൊഴില്‍ദാതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ  തൊഴിലവസരങ്ങള്‍  ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളെ അഭിമുഖ പരീക്ഷകള്‍ നേരിടാന്‍  പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക് ഷോപ്പില്‍ തീരുമാനമായെന്നും എംഎല്‍എ അറിയിച്ചു.