KONNIVARTHA.COM : സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പോലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദ് ആണ് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍. വയനാട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍ പി. പടന്നയിലാണ് അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍
ആകെ 265 പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്. ഇതില്‍ 220 പോലീസുകാരും, മൂന്ന് ഡിവൈഎസ്പിമാരും, ഒന്‍പത് സിഐമാരും, 33 എസ്‌ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ പോലീസ് ബാച്ചിന്റെ സന്നിധാനത്തെ സുരക്ഷാ ചുമതല. സന്നിധാനം നടപന്തലില്‍ നടന്ന ചടങ്ങില്‍ പുതിയതായി ചുമതല ഏറ്റ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.
ഇതിനു പുറമേ, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ്, കമാന്‍ഡോസ്, ക്വിക് റെസ്പോണ്‍സ് ടീം എന്നിങ്ങനെ 300 പോലീസ് ഉദ്യോഗസ്ഥരും ആന്ധ്രാ, തമിഴ്നാട് പോലീസ്, കേന്ദ്ര ദ്രുതകര്‍മ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയ വിഭാഗങ്ങളും സേവനത്തിനുണ്ട്.
ശബരിമല തീര്‍ഥാടനം: മെഷീന്‍ ചായ, കോഫി ഉള്‍പ്പെടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ചു
ശബരിമല മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് മെഷീന്‍ ചായ, കോഫി ഉള്‍പ്പടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ചായ(മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 9 രൂപ. പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 8 രൂപ. കോഫി (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 11 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 10 രൂപ. മസാല ടീ (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ലെമണ്‍ ടീ (മെഷീന്‍ 90 എംഎല്‍) സന്നിധാനത്ത് 17 രൂപ, പമ്പയില്‍ 16, ഔട്ടര്‍ പമ്പയില്‍ 15. ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍ 200 എംഎല്‍) സന്നിധാത്ത് 22 രൂപ, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ 20 രൂപയുമാണ് വില. നിശ്ചയിട്ടുള്ള ഈ വിലവിവരം വ്യാപാരികള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
ശബരിമലയിലെ നാളത്തെ (01.12.2021) ചടങ്ങുകൾ
പുലർച്ചെ 3.30ന് പള്ളി ഉണർത്തൽ
4 മണിക്ക് തിരുനട തുറക്കൽ
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതൽ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതൽ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കൽ
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീർത്തനം പാടി 10 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
അയ്യപ്പ ഭക്തര്‍ക്ക് ഇ- കാണിക്ക അര്‍പ്പിക്കാം
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി ഇ- കാണിക്ക അര്‍പ്പിക്കാനുള്ള സജ്ജീകരണം ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് ഒരുക്കി. ഗൂഗിള്‍ പേവഴി തീര്‍ഥാടകര്‍ക്ക് കാണിക്ക അര്‍പ്പിക്കാം. ഭക്തര്‍ക്ക് കാണിക്ക അര്‍പ്പിക്കുന്നതിനായി സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ക്യു – ആര്‍ കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 22 ക്യു- ആര്‍ കോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് 9495999919 എന്ന നമ്പരില്‍ ഗൂഗിള്‍ പേ ചെയ്യാം. ശബരിമല തീര്‍ഥാടന പാതയുടെ വിവിധ ഇടങ്ങളില്‍ കൂടുതല്‍ ക്യു- ആര്‍ കോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. ഇ-കാണിക്കയുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.